തിരുവനന്തപുരം: ചേങ്കോട്ടുകോണം 'രോഹിണിയിലേക്ക്' രാവിലെ മുതല്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. വിനോദയാത്രയ്ക്കിടെ നേപ്പാളിലെ റിസോർട്ടില്‍ മരിച്ച പ്രവീൺ, ഭാര്യ ശരണ്യ മൂന്ന് മക്കൾ എന്നിവരെ അവസാനമായി കാണാൻ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒഴുകിയെത്തിയപ്പോൾ നിയന്ത്രണങ്ങൾ പാളി. ചേങ്കോട്ടുകോണം എന്ന കൊച്ചുഗ്രാമത്തിലെ എല്ലാ വഴികളും ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ രോഹിണിയിലേക്കായി. കിലോമീറ്റർ നീളുന്ന ക്യൂവിൽ കണ്ണുകൾ ഈറനണിഞ്ഞു. ചിലർ വിതുമ്പി. മൃതദേഹങ്ങൾക്ക് മുന്നില്‍ ബന്ധുക്കൾ കരഞ്ഞു തളർന്നു. രാവിലെ എട്ട് മണിയോടെ അഞ്ച് ആംബുലൻസുകൾ നിര നിരയായി രോഹിണി എന്ന വീടിനു മുന്നിൽ നിരന്നു. ആദ്യം പ്രവീണിന്റെ മൃതദേഹം വീട്ടിലേക്കെടുത്തപ്പോൾ കരച്ചിലുയർന്നു. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം എടുക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. പത്തു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. വൻ ജനാവലിയാണ് പ്രവീണിനും കുടുംബത്തിനും അന്ത്യാഞ്ജലി അർപ്പിക്കാനായി ചേങ്കോട്ടുകോണത്ത് എത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ, മന്ത്രി കെ.രാജു, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എ മാരായ വി.എസ്.ശിവകുമാർ, ഒ. രാജഗോപാൽ, ജി.എസ്. ജയലാൽ, ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി.രാജേഷ് തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി.