തിരുവനന്തപുരം : സംസ്ഥാനത്ത് അരി വില കുതിച്ചുയരുമ്പോള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടി ജനം. ജയ, മട്ട, സുരേഖ അരികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഏപ്രിലില്‍ മൊത്തവിപണിയില്‍ ജയ അരിയുടെ വില കിലോയ്ക്ക് 34 രൂപയായിരുന്നു. എന്നാൽ, ഇത് 59 ആയി. കിലോയ്ക്ക് 40 രൂപ ഉണ്ടായിരുന്ന ചമ്പാവിന് 56 രൂപ നൽകണം. 36 ആയിരുന്ന സുരേഖ അരിക്ക് ഇപ്പോൾ 44 രൂപയാണ്.
അരി വില മാത്രമല്ല നിത്യോപയോഗ സാധനങ്ങളുടെയും വില ദിനംപ്രതി കുതിച്ചുയരുകയാണ്. കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 49 രൂപയായി. 35 രൂപയായിരുന്ന സവാള വില 48 ലെത്തി. ചെറിയ ഉള്ളി കിലോയ്ക്ക് 48 രൂപയായിരുന്നത് 80 ആയി.
ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നെല്ല് ഉത്പാദനത്തിലുണ്ടായ കുറവാണ് വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ഒരു കിലോ വറ്റൽമുളകിന് 314 രൂപയാണ് ഇന്നത്തെ വില. വൻതോതിൽ വിറ്റഴിയുന്ന പ്രമുഖ ബ്രാൻഡ് സോപ്പുകൾക്കും പൊള്ളുന്ന വിലയാണ്. 8 മാസം മുൻപ് 48 രൂപയായിരുന്നത് 3 തവണയായി 30 രൂപ കൂടി ഇപ്പോൾ 78ലെത്തി.
അതേസമയം ചില പച്ചക്കറികൾക്ക് വില കുറഞ്ഞത് ജനങ്ങൾക്ക് താത്കാലിക ആശ്വാസമാണ്. തക്കാളി കിലോയ്ക്ക് 20 രൂപ, വെള്ളരി 10, പടവലം 20, പയർ 30, ക്യാരറ്റ് 50, ബീറ്റ്‌റൂട്ട് 25, പാവയ്ക്ക 40 ഇങ്ങനെ പോകുന്നു പച്ചക്കറി വില. റേഷന്‍ അരിയില്‍ സാധാരണക്കാരന് കുറച്ചൊക്കെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് കനത്ത പ്രഹരമാണ് വിലക്കയറ്റം.