തിരുവനന്തപുരം: റവന്യു അണ്ടര്‍ സെക്രട്ടറി ഒജി ശാലിനിക്ക് എതിരായ നടപടി, മരംമുറി കേസിൽ വിവരാവകാശ രേഖ നൽകിയതിന് അല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. ഉദ്യോഗസ്ഥയ്ക്ക് ഗുഡ്‌സർവീസ് എൻട്രി കൊടുത്തതും റദ്ദാക്കിയതും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ശാലിനിയുടെ പരാതിയിൽ അന്വേഷണത്തിന് റവന്യു സെക്രട്ടറിയോട് നിർദേശിച്ചതായും രാജൻ പറഞ്ഞു.
ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരികെ നല്‍കണമെന്ന ഒ.ജി ശാലിനിയുടെ അപേക്ഷയില്‍ മുഖ്യമന്ത്രി നടപടി എടുത്തിരുന്നു. ശാലിനിയുടെ അപേക്ഷ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സര്‍വ്വിസ് ചട്ടങ്ങള്‍ മറികടന്നാണ് ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ എടുത്തതെന്നായിരുന്നു മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നല്‍കിയ പരാതിയില്‍ ശാലിനി ഉന്നയിച്ചിരുന്നത്.
Also read: ഗുഡ് സര്‍വ്വിസ് എന്‍ട്രി തിരികെ നല്‍കണമെന്ന് റവന്യു അണ്ടര്‍ സെക്രട്ടറി ശാലിനി
കൂടാതെ ജൂലൈ 20ന് ശാലിനിയെ റവന്യു വകുപ്പില്‍ നിന്ന് ഹയര്‍സെക്കൻഡറി വകുപ്പിലേക്ക് മാറ്റി നിയമിച്ചിരുന്നു. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയതിനെ തുടര്‍ന്ന് ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു.