തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ തനിക്ക് 30 കോടി രൂപ വാഗ്‌ദാനം നല്‍കിയെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണം കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള എന്ന വിജയ് പിള്ള നിഷേധിച്ചതിനു പിന്നാലെ വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ സന്ദര്‍ശിച്ചു എന്ന ആരോപണം ഇന്ന് മാധ്യമങ്ങളോട് വിജേഷ് പിള്ള സമ്മതിച്ചതായി സ്വപ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹരിയാന, രാജസ്ഥാന്‍ കാര്യങ്ങളും സമ്മതിക്കുന്നുണ്ട്.
30 കോടി നല്‍കാമെന്ന വാഗ്‌ദാനവും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, യൂസഫലി എന്നിവരെ പരാമര്‍ശിച്ച കാര്യവും സമ്മതിക്കുന്നുണ്ട്. വിമാന താവളത്തിലെ ഭീഷണി സംബന്ധിച്ച കാര്യം പരാമര്‍ശിച്ചതും സമ്മതിച്ചു കഴിഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ആവശ്യപ്പെട്ട കാര്യവും പരാമര്‍ശിച്ചതായി വിജേഷ് പിള്ള സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ന് അദ്ദേഹം പറയുന്നത് താന്‍ ഇക്കാര്യങ്ങളെല്ലാം പരമാര്‍ശിച്ചത് മറ്റൊരു പശ്ചാത്തലത്തിലാണ് എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒന്നേ പറയാനുള്ളൂ. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ നടന്ന ഉടന്‍ തന്നെ തെളിവുകളോടെ ഇക്കാര്യം പൊലീസിനെയും ഇഡിയേയും അറിയിക്കുകയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
More Read:- സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള; സംസാരിച്ചത് വെബ് സീരീസിനെ കുറിച്ച്
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് പൊലീസും ഇഡിയും കടന്നു കഴിഞ്ഞു. ഇനി ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഏജന്‍സികളാണ് എന്നു മാത്രമല്ല വിജേഷ് പിള്ളയെ അയച്ചതാരാണ് എന്ന് കണ്ടെത്തേണ്ടതും അവരാണ്.
വിജേഷ് പിള്ള തനിക്കെതിരെ മാന നഷ്‌ടത്തിനും വഞ്ചനയ്ക്കും പരാതി കൊടുത്തു എന്നറിയിച്ചിട്ടുണ്ട്. ആദ്യമേ പറയട്ടെ എന്ത് നിയമ നടപടി നേരിടാനും താന്‍ തയാറാണ്. പക്ഷേ വിജേഷിന്‍റെ നിയമ പരിജ്ഞാനത്തില്‍ തനിക്ക് സംശയം ഉണ്ട്. തെളിവുകള്‍ പുറത്തു വിടണമെന്ന അദ്ദേഹത്തിന്‍റെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു.
അദ്ദേഹം എന്നെ കോടതി കയറ്റുകയാണെങ്കില്‍ ഏജന്‍സികളില്‍ കൊടുത്തിട്ടുള്ള തെളിവുകള്‍ താന്‍ അപ്പോള്‍ ഹാജരാക്കിക്കൊള്ളാം. എം വി ഗോവിന്ദന്‍ കൊടുക്കും എന്നു പറയുന്ന കേസുകള്‍ നേരിടാനും തയാറാണ്. എനിക്ക് വിജേഷിനോട് അഭ്യര്‍ഥിക്കാനുള്ളത് മുഖ്യമന്ത്രിയോടും കുടുംബത്തോടും കൂടി തനിക്കെതിരെ കേസുകൊടുക്കാന്‍ ഉപദേശിക്കണം എന്നാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരില്‍ വെബ് സീരിസ് ഉണ്ടാക്കാന്‍ ഇറങ്ങി തിരിച്ച വിജേഷ് പിള്ളയ്ക്ക് അതിനുള്ള ശേഷിയും വരുമാന സ്രോതസും ഉണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും താന്‍ കരുതുകയാണെന്നും സ്വപ്‌ന സുരേഷ് ഫേസ് ബുക്കില്‍ വ്യക്തമാക്കി.
Also Read:- '30 കോടി വാഗ്‌ദാനം, മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ ആരോപണങ്ങൾ പിൻവലിക്കണം, എല്ലാം എംവി ഗോവിന്ദന്‍റെ നിർദേശ പ്രകാരം': സ്വപ്‌നയുടെ ഫേസ് ബുക്ക് ലൈവ്