തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവ. മയക്കുമരുന്നിനെ മയക്കുമരുന്നെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും അതില്‍ എല്ലാമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ദീപിക ലേഖനത്തെയും അദ്ദേഹം തളളി.
നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് പൊതുവായ അഭിപ്രായം കത്തോലിക്കാ സഭ പറഞ്ഞിട്ടില്ല. സംഘടനകള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടങ്കില്‍ അവരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചാല്‍ സഹകരിക്കും. പാലാ ബിഷപ്പിന്‍റെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ക്ലീമിസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തില്‍ വിളിച്ച മത സാമുദായിക നേതാക്കളുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം : മത-സാമുദായിക നേതാക്കളുടെ യോഗം തുടങ്ങി
മതസൗഹാര്‍ദം ഒരു കാരണവശാലും നഷ്ടപ്പെട്ടുകൂടാ. മറ്റ് സമൂഹങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അഭിപ്രായ പ്രകടനങ്ങളില്‍ എല്ലാവരും മിതത്വം പാലിക്കണം. അതില്‍ തനിക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്തി മൂലയ്ക്കിരുത്താനല്ല. മുറിവുകള്‍ ഉണക്കാനും മതസൗഹാര്‍ദം ഉറപ്പിക്കാനുമാണ് യോഗം ചേര്‍ന്നതെന്ന് ക്ലീമീസ് കത്തോലിക്കാ ബാവ പറഞ്ഞു.
മതത്തിന്‍റെ പേരില്‍ സ്‌പര്‍ദ്ധയുണ്ടാകാതിരിക്കുകയാണ് വേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യോഗത്തില്‍ സമസ്‌തയുടെ പ്രതിനിധി പങ്കെടുത്തില്ല. അതേസമയം മുസ്ലിം ലീഗും സമസ്‌തയും യോഗത്തെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യം, മാര്‍ത്തോമ സഭ സഫ്രഗന്‍ മെത്രാപ്പൊലീത്ത ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗെബ്രിയോല്‍ മാര്‍ഗ്രിഗോറിയോസ്, മലങ്കര യാക്കോബായ സഭ മൂവാറ്റുപുഴ ബിഷപ്പ് മാത്യൂസ് മാര്‍ അന്തിമോസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ശിവഗിരി മഠാധിപതി സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി അശ്വതി തിരുനാള്‍, കേരള മുസ്ലിം ജമാ അത്ത് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്‍റ് എച്ച്. ഷഹീര്‍മൗലവി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.