തിരുവനന്തപുരം: ബാലരാമപുരത്ത് യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ. തണ്ണിക്കുഴി സ്വദേശിനിയായ അഞ്ജുവിനെയാണ് (26) മരിച്ചനിലയിൽ കണ്ടെത്തിയത്. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര പുന്നയ്ക്കാട് സ്വദേശി സുരേഷ് കുമാറിൻ്റെ ഭാര്യയാണ് അഞ്ജു. സുരേഷിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ജുവിൻ്റെ മരണ ദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും പറയുന്നു. തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഞ്ജുവിനെ കെട്ടഴിച്ച ശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ സുരേഷും ബന്ധുക്കളും തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും അഞ്ജുവിൻ്റെ ബന്ധുക്കൾ ആരോപിച്ചു.
എന്നാൽ അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിൻ്റെ കുടുംബം പറയുന്നത്. പക്ഷേ മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹമെന്നും ഇത് ദുരൂഹമാണെന്നും അഞ്ജുവിൻ്റെ കുടുംബം ആരോപിച്ചു. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് സുരേഷിനും കുടുംബത്തിനുമെതിരെ കേസെടുത്തു. ആർ ഡി ഒ യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി.