തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്ക് വീര്യമേകാൻ മലയാളി വാങ്ങിയത് 89.12 കോടി രൂപയുടെ മദ്യം. തിരുവനന്തപുരം ജില്ല മദ്യവിൽപനയിൽ ഒന്നാമതെത്തി. ബിവറേജ് കോര്‍പ്പറേഷന്‍റെ വെയര്‍ ഹൗസുകളില്‍ നിന്നും ഷോപ്പില്‍ നിന്നുമായാണ് ഡിസംബര്‍ 31ന് റെക്കോർഡ് മദ്യവിൽപന നടന്നത്.
2018 ല്‍ 76.97 കോടി രൂപക്കായിരുന്നു മദ്യവിൽപന നടന്നത്. എന്നാൽ 12.15 കോടി രൂപയുടെ വര്‍ധനവാണ് 2019ൽ സംഭവിച്ചത്. അതായത് 16 ശതമാനം കൂടുതല്‍ വിൽപന നടന്നു. കെ.സി.ബി.സി ഷോപ്പുകളില്‍ നിന്നു മാത്രമായി 68.57 കോടി രൂപയുടെ മദ്യവിൽപനയും നടന്നു. ഇതിൽ മുന്‍വര്‍ഷത്തേക്കാൾ 5.24 കോടി രൂപയുടെ വര്‍ധനവുണ്ടായി.
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള കെസിബിസിയുടെ റീട്ടെയില്‍ ഷോപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിൽപന നടന്നത്. 88.01 ലക്ഷം രൂപയുടെ വിൽപനയാണ് ഈ ഔട്ട്‌ലെറ്റില്‍ ഉണ്ടായത്. 2018ല്‍ ഇത് 64.37 ലക്ഷമായിരുന്നു. പാലാരിവട്ടമാണ് രണ്ടാം സ്ഥാനത്ത്. 71.04 ലക്ഷത്തിന്‍റെ വിൽപനയാണ് പാലാരിവട്ടം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നടന്നത്.
അതേസമയം ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാന്‍ മലയാളി ആകെ കുടിച്ചത് 522.93 കോടി രൂപയുടെ മദ്യമാണ്. ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഡിസംബർ 22 മുതല്‍ 31വരെ മാത്രമുള്ള കണക്കാണിത്. 2018ല്‍ ഇതേ കാലയളവില്‍ 512.54 കോടിയുടെ വിൽപനയായിരുന്നു നടന്നത്. ഇതിൽ 10.39 കോടി രൂപക്ക് വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിൽപനയുടെ ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായത്. 2018നെ അപേക്ഷിച്ച് രണ്ട് ശതമാനം വർധനവ് മാത്രമാണ് വിൽപനയില്‍ രേഖപ്പെടുത്തുന്നത്.