തിരുവനന്തപുരം : സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത നിർദേശവുമായി ആര്‍ബിഐ. സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ വന്‍ തോതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടൽ ഉണ്ടായത്. ഇന്ന് (നവംബർ 9) പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ മലയാളത്തിലും ഹിന്ദിയിലുമായാണ് ഇത് സംബന്ധിച്ച അറിയിപ്പ് റിസര്‍വ് ബാങ്ക് നല്‌കിയിയിട്ടുള്ളത്.
ലൈസന്‍സ് ഇല്ലാതെ ചില സഹകരണ സംഘങ്ങള്‍ അംഗങ്ങളുടെയും അസോസിയേറ്റ് അംഗങ്ങളുടെയും അംഗങ്ങള്‍ അല്ലാത്തവരുടെയും പക്കല്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നു. ഇത്തരം സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ എന്നീ വാക്കുകളുപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദ്ദേശം.
കരുവന്നൂര്‍, കണ്ടല ബാങ്ക് തട്ടിപ്പുകളില്‍ ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിസര്‍വ് ബാങ്ക് പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ലെന്നും ആര്‍ബിഐ മുന്നറിയിപ്പ് നൽകുന്നു. 1949 ബി ആര്‍ ആക്‌ട് (BANKING REGULATION ACT 1949) 2020 ല്‍ ഭേദഗതി ചെയ്‌തത് പ്രകാരം ഇത്തരം സ്ഥാപനങ്ങൾക്ക് ബാങ്ക് എന്ന വാക്കുപയോഗിക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐ ഓര്‍മ്മിപ്പിക്കുന്നത്.
ആര്‍ബിഐയുടെ ലൈസന്‍സ് സഹകരണ സംഘത്തിനുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ ഇടപാടുകാർ നിക്ഷേപം നടത്താന്‍ പാടുള്ളുവെന്നും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പിലുണ്ട്. അതേ സമയം റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പട്ടിക പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. ഈ നിർദ്ദേശം സംസ്ഥാനത്ത ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് ഭാവിയില്‍ തിരിച്ചടിയായേക്കുമെന്ന ആശങ്ക സഹകരണ മേഖലയിലുള്ളവര്‍ പങ്കുവെയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ഇ ഡി നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഇല്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വരുന്നത്. സംഭവത്തെക്കുറിച്ച് കൃത്യമായി പരിശോധിച്ചതിന് ശേഷം വ്യക്തത വരുത്താമെന്നാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍ കണ്ണൂരില്‍ പ്രതികരിച്ചിരുന്നത്.