തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രമേയം രാജ്യത്തെ നിയമത്തെ ബാധിക്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭക്ക് പ്രമേയം പാസാക്കാം. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ പാർലമെന്‍റ് പാസാക്കിയ നിയമത്തിനെ ഇത് ബാധിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നല്ലൊരു നിയമ ഉപദേശകനിൽ നിന്ന് നിയമവശങ്ങൾ മനസിലാക്കണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. കേരള ഗവർണർ ആരിഫ് ഖാനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അപലപിക്കുകയാണ്. ഗവർണറോട് പ്രതിഷേധിച്ച ഇർഫാൻ ഹബീബ് മോദിക്ക് വോട്ട് ചെയ്യരുതെന്ന് പരസ്യമായി പറഞ്ഞ ഇടതുപക്ഷ അനുഭാവിയാണെന്നും രവിശങ്കർ പ്രസാദ് അരോപിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന കോൺഗ്രസ് ചരിത്രം ഓർക്കണം. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഇത്തരത്തിൽ അഭയാർഥികൾക്ക് പൗരത്വം നൽകിയിരുന്നു. അതേ കാര്യം നരേന്ദ്രമോദി നടപ്പിലാക്കുമ്പോൾ തെരുവിൽ സമരം ചെയ്യുകയാണ്. വർഗീയ കലാപം ഉണ്ടാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. സമരത്തിന്‍റെ പേരിൽ വ്യാപകമായി കൊള്ളയും കൊലയും നടക്കുകയാണ്. ഭരണഘടനാപരമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിട്ടുള്ളത്. ഒരു ഇന്ത്യക്കാരനെയും ഈ നിയമം ഒരു തരത്തിലും ബാധിക്കില്ല. എൻപിആർ നടപ്പിലാക്കുന്നത് രാജ്യത്തിന്‍റെ പദ്ധതി നിർവഹണത്തിനാണ്. സമരം ചെയ്യാൻ ആർക്കും അധികാരം ഉണ്ട്. പക്ഷേ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സമരം ചെയ്യുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.