തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുമ്പ് മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങളെ പിണറായി വിജയന്‍ പുച്ഛിച്ചു തള്ളിയെങ്കില്‍ ഇപ്പോള്‍ അതെല്ലാം സത്യമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരിക്കുന്നു. ഇത് ഔദ്യോഗിക രേഖയാണ്. ഇക്കാര്യത്തില്‍ സ്വപ്‌ന സുരേഷ് പറയുന്നതിനെ വിശ്വസിക്കുന്നില്ലെങ്കിലും ഇ.ഡി പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീളുന്നുവെന്നറിഞ്ഞപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മന്ത്രിമാരെ തെരുവിലിറക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരെ മനുഷ്യ കവചമാക്കുന്നു. ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിക്കായി സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ നിലവവാരമില്ലാത്ത സാധനങ്ങള്‍ വന്‍തോതില്‍ വാരിക്കൂട്ടി. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്ത ആര്‍.എം.എസ്.എ ഡയറക്ടറുടെ ഉത്തരവിനെ മറികടന്ന് ഐ.ടി സെക്രട്ടറി സ്വര്‍ണക്കടത്തു സംഘത്തിന് സാധനങ്ങള്‍ വാങ്ങാന്‍ അനുവാദം നല്‍കി. ഇതിനു പിന്നില്‍ ബിനാമി ഉണ്ടെന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.