തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് പാഴ് വേലയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസില്‍ മുഖ്യമന്ത്രി രാജാപാര്‍ട്ട് വേഷത്തിലും 20 മന്ത്രിമാര്‍ തൊട്ടടുത്ത് ദാസന്മാരായും നില്‍ക്കുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.
പരിപാടിയിൽ ഒരു വ്യക്തിയില്‍ നിന്നു പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ അപേക്ഷ നേരിട്ടു വാങ്ങിയിട്ടില്ല. ഉദ്യോഗസ്ഥന്മാര്‍ ബൂത്തുകളിലിരുന്നു അപേക്ഷ വാങ്ങിക്കുകയല്ലാതെ മന്ത്രിമാര്‍ ഒരു അപേക്ഷയും പരിശോധിക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'സ്‌പീഡ് പ്രോഗ്രാം' എന്ന പേരില്‍ കേരളത്തിലാദ്യമായി ജില്ലകള്‍ തോറും പൊതു ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കിയത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു.
കെ കരുണാകരന്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തിയപ്പോള്‍ ആളുകളില്‍ നിന്ന് നേരിട്ടാണ് പരാതികള്‍ സ്വീകരിച്ചത്. എന്നാൽ പിണറായി വിജയൻ ആരില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കുന്നില്ല. പകരം പ്രതിപക്ഷത്തെ അക്രമിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തിനായാണ് നവകേരള സദസെന്നും ഇത് വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്‌മ, പെന്‍ഷന്‍ മുടക്കം, സാമ്പത്തിക തകര്‍ച്ച, കര്‍ഷക ആത്മഹത്യ തുടങ്ങി സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇവയെല്ലാം ഉദ്യോഗസ്ഥര്‍ പരിഹരിക്കുമെങ്കില്‍ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും അദാലത്തുകള്‍ വച്ചാല്‍ പോരെയെന്നും ധൂര്‍ത്തിന്‍റെ ആവശ്യം എന്താണെന്നും ചെന്നിത്തല വിമർശിച്ചു.
ആകെ 3000 കിലോമീറ്ററാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നത്. ഒരു കാറില്‍ ഇത്രയും ദൂരം സഞ്ചരിച്ചാലുണ്ടാകുന്ന ചെലവ് 12.5 ലക്ഷം രൂപ മാത്രമാണ്. 1 കോടി 5 ലക്ഷം രൂപയ്‌ക്കാണ് ആഡംബര ബസ് വാങ്ങിയത്. ഇതിനു പുറമേ 40 വാഹനങ്ങള്‍ വേറെയും വാങ്ങിയിട്ടുണ്ട്.
സർക്കാറിന്‍റെ ധൂര്‍ത്തിനുള്ള പണം ഉദ്യോഗസ്ഥര്‍ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുകയാണ്. ഇതിന് തെളിവുകളില്ല. ഇത് പാര്‍ട്ടി മേളയാണ്. പി ആര്‍ ഏജന്‍സിയുടെ ഉത്പ്പന്നമാണ് നവകേരള സദസെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
യുഡിഎഫ് യോഗത്തിലാണ് നവ കേരള സദസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചത് സംബന്ധിച്ച അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടത്തിയത് പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎമ്മും ബിജെപിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.