തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകാത്തത് ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. മത്സ്യത്തൊഴിലാളികൾക്കെതിരെ ബിജെപിയും സിപിഎമ്മും കൈകോർത്ത് സമരം നടത്തുകയാണ്. അവരെ കൂടെ നിർത്തി വികസനം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
സമരക്കാരെ മർദിച്ച് ഒതുക്കാൻ ശ്രമിക്കരുത്. അതാണ് സംഘർഷങ്ങളുണ്ടാക്കുന്നത്. വിഴിഞ്ഞത്തിനായി ഒന്നാം പിണറായി സർക്കാർ ഒന്നും ചെയ്‌തില്ല. പദ്ധതി പൂർത്തിയാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനില്ലെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് കാലത്ത് പ്രത്യേക പാക്കേജ് തയാറാക്കിയിരുന്നു. എന്നാൽ ഇടത് സർക്കാർ അത് നടപ്പാക്കിയില്ല. ഇതാണ് സമരത്തിന് കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.