തിരുവനന്തപുരം : രാമശേരി ഇഡ്ഡലി എന്നു പലരും കേട്ടിരിക്കുമെങ്കിലും അതിന്റെ രുചി എന്തെന്നറിഞ്ഞ മലയാളികള്‍ കുറവായിരിക്കും. പാലക്കാട് ജില്ലയിലെ രാമശേരിയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഈ വിഭവം പാലക്കാട്ടുകാരുടെ സ്വകാര്യ അഭിമാനമെന്നോ അഹങ്കാരമെന്നോ പറയാം. പാലക്കാടിന്റെ തനതു രുചിപ്പെരുമയായ രാമശേരി ഇഡ്ഡലി ഇനി കേരളത്തിന്റെ ആകെ രുചിപ്പെരുക്കമാകുന്ന കാലം വിദൂരമല്ല.
സംസ്ഥാന വ്യാപകമായി വാണിജ്യാടിസ്ഥാനത്തില്‍ രാമശേരി ഇഡ്ഡലിയെ എത്തിക്കാനുള്ള പുതു സംരംഭത്തിനു തുടക്കമിടാന്‍ തയ്യാറെടുക്കുകയാണ് പരമ്പരാഗതമായി രാമശേരി ഇഡ്ഡലി തയ്യാറാക്കുന്ന പാലക്കാട്ടെ മുതലിയാര്‍ കുടുംബം. ഇതിന്റെ ആദ്യ പടിയായി സഹകരണ സംഘം രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിയാകും സഹകരണ സംഘം രൂപീകരിക്കുക.
ഇതിന് മുന്നോടിയായി രാമശ്ശേരി ഇഡ്ഡലിയുടെ പേറ്റന്റിനായി കുടുംബം സര്‍ക്കാരിനെ സമീപിച്ചു. പേറ്റന്റ് നേടിയ ശേഷമാകും സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുക. തനത് രാമശ്ശേരി ഇഡ്ഡലിയുടെ രുചി കേരളമാകെ എത്തിക്കാന്‍ സഹായിച്ചത് കെടിഡിസിയാണെന്ന് പാലക്കാട് എലപ്പുള്ളിയ്ക്കടുത്തുള്ള രാമശ്ശേരിയിലെ ഇഡ്ഡലി കടയില്‍ പഴമയുടെ രുചി വിളമ്പുന്ന സ്മിത പറയുന്നു.
കെടിഡിസിയുടെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ഇഡ്ഡലി ഫെസ്റ്റില്‍ ആ പാരമ്പര്യത്തിന്റെ രുചിയുമായി എത്തിയതാണ് സ്മിത. അഞ്ചു തലമുറകള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ നിന്നെത്തി രാമശ്ശേരിയില്‍ കട ആരംഭിച്ച ചിറ്റൂരി അമ്മയെന്ന മുതുമുത്തശ്ശിയെ കുടുംബത്തിലെല്ലാവരും ഇന്നും ഓര്‍ക്കുന്നതായും സ്മിത പറയുന്നു.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ഭാഗമായ സ്റ്റാളിലെത്തുന്നവര്‍ക്ക് രാമശേരി ഇഡ്ഡലിയുടെ രുചി നുകരാൻ അവസരമുണ്ട്. അവിടെ രാമശ്ശേരി ഇഡ്ഡലിക്കും സ്റ്റാള്‍ ഒരുങ്ങുന്നുണ്ട്. കേരളത്തിന്റെ തനത് വിഭവത്തിന്റെ രുചിക്കൂട്ടിന് എല്ലായിടത്തും വലിയ അംഗീകാരമാണ് ലഭിക്കുന്നതെന്നും സ്മിത പറയുന്നു.