തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. ( Rahul Mamkootathil Send Legal Notice to MV Govindan) സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്‌തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടുന്നതിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയെന്ന ഗോവിന്ദന്‍റെ പരാമര്‍ശത്തിനെതിരെയാണ് രാഹുലിന്‍റെ വക്കീല്‍ നോട്ടീസ്.

നോട്ടീസ് ലഭിച്ച് ഒരാഴ്‌ചയ്ക്കകം 1 കോടി രൂപ നഷ്‌ടപരിഹാരം നല്‍കുകയും പ്രസ്‌താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയുകയും ചെയ്യണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരായ മൃദുല്‍ ജോണ്‍ മാത്യു, റഹ്മത്തുള്ള, വൈശാഖ് സുബോധന്‍ എന്നിവര്‍ മുഖാന്തിരമാണ് രാഹുല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനുനേരെ ( Nava Kerala Bus ) കരിങ്കെടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ പൊലീസ്-ഡിവൈഎഫ്‌ഐ സംഘടിതാക്രമണത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 20ന് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം കാട്ടിയെന്നാരോപിച്ച് അദ്ദേഹത്തെ നാലാം പ്രതിയാക്കി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ജനുവരി 9നാണ് രാഹുലിനെ അടൂരിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ വീടു വളഞ്ഞ് അറസ്റ്റു ചെയ്‌തത്. പിന്നാലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിന്‍റെ (Rahul Mamkootathil) ജാമ്യാപേക്ഷയ്‌ക്കൊപ്പം രാഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചിക്തിസ തേടിയതിന്‍റെ രേഖകള്‍ ഹാജരാക്കിയിരുന്നു. ഈ രേഖകളാണ് വ്യാജ രേഖകളെന്ന് ഗോവിന്ദന്‍ കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ജനുവരി 3ന് രാഹുല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു വെന്നും മസ്‌തിഷ്‌കാഘാത സാദ്ധ്യതയുള്ള ടിഐഎ രോഗിയാണെന്ന് രോഗ നിര്‍ണയത്തില്‍ കണ്ടെത്തിയെന്നും വക്കീല്‍ നോട്ടീസ് പറയുന്നു.
ഇത് സംബന്ധിച്ച ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ട ഡിസ്‌ചാര്‍ജ് സമ്മറിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ പകര്‍പ്പ് ആശുപത്രിയില്‍ നിന്നും അവിടുത്തെ പിആര്‍ഒ മുഖാന്തിരം വാട്‌സ് ആപ്പില്‍ വാങ്ങിയാണ് ജാമ്യാപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചത്. പൊലീസ് ഈ രേഖ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അതു കൊണ്ടാണ് ഇത് കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ എംവി ഗോവിന്ദന്‍റെ (MV Govindan) പ്രസ്‌താവന അങ്ങേയറ്റം കളവു നിറഞ്ഞതും അടിസ്ഥാന രഹിതവും ഭാവനാ സമ്പന്നവുമാണെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു.
എംവി ഗോവിന്ദന്‍ ഇതോടൊപ്പം കണ്ണൂരില്‍ നടത്തിയ പ്രസ്‌താവനയില്‍ മാദ്ധ്യമങ്ങള്‍ രാഹുലിനെ ഒരു ഹീറോ ആക്കിയെന്നാരോപിച്ചെങ്കിലും അക്കാര്യത്തിലും രാഹുലിന് ഉത്തരവാദിത്തമില്ലെന്ന് നോട്ടീസ് പറയുന്നു. കോടതി പോലും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് പറയാത്ത സാഹചര്യത്തില്‍ രാഹുലിനെ മനപൂര്‍വ്വം കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യമാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഗോവിന്ദന്‍റെ പ്രസ്‌താവനയ്ക്കു പിന്നിലെന്ന് നോട്ടീസ് ആരോപിക്കുന്നു. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വക്കാല്‍ നോട്ടീസ് വ്യക്തമാക്കുന്നു.
Also read :രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ മാറ്റി ; പരിഗണിക്കുക ഈ മാസം 17ന്