തിരുവനന്തപുരം : വാക്‌സിനെടുത്ത ശേഷവും പത്തനംതിട്ടയില്‍ 12 വയസുകാരി മരണമടഞ്ഞതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയേറ്റ് ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം 21 ആയി. 12 വയസുകാരി അഭിരാമി ഉള്‍പ്പടെ ആറ് പേര്‍ കുത്തിവയ്‌പ്പ് സ്വീകരിച്ച ശേഷം മരിച്ചവരാണ്. ഇതില്‍ അഞ്ച് പേര്‍ നാല് ഡോസ് വാക്‌സിനും എടുത്തവരാണെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അഭിരാമി മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വിവാദം കത്തുമ്പോഴാണ് അഭിരാമിയുടെ മരണം. 6 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 56 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ 1,83,931 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു.
മരണം വര്‍ധിക്കുന്നു : സംസ്ഥാനത്ത് ഈ വര്‍ഷം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ 15 പേര്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള വാക്‌സിനേഷന്‍ എടുത്തവരല്ല. ഒരാള്‍ ഭാഗികമായി വാക്‌സിനെടുത്തയാളാണ്. 5 പേര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ കുത്തിവയ്പ്പുകളും എടുത്തവരാണെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.
മാനദണ്ഡപ്രകാരം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷവും മുമ്പില്ലാത്ത വിധം മരണം വര്‍ധിക്കുമ്പോഴാണ് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പേവിഷബാധയേറ്റുള്ള മരണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2017- 3, 2018- 9, 2019- 8, 2020- 5, 2021- 11, 2022- 21 എന്നിങ്ങനെയാണ് മരണ സംഖ്യ.
നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ്. 2017 - 135749, 2018 - 148899, 2019 - 161055, 2020 - 160483, 2021 - 221379, 2022 - 183931 എന്നിങ്ങനെയാണ് 6 വര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം.
തെരുവ് നായ്ക്കളുടെ എണ്ണവും ക്രമാതീതമായി കൂടി. വന്ധ്യംകരണമടക്കമുള്ള പ്രവര്‍ത്തനങ്ങളിലെ വീഴ്‌ചയാണ് ഇത് വ്യക്തമാക്കുന്നത്. പേവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിൽ ആരോഗ്യവകുപ്പിനൊപ്പം തന്നെ തദ്ദേശ സ്വയംഭരണ വകുപ്പിനും തുല്യവീഴ്‌ചയാണുള്ളത്.
വാക്‌സിന്‍റെ ഗുണനിലവാരത്തില്‍ പരിശോധന : വാക്‌സിനുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കേരളത്തില്‍ സംവിധാനമില്ല. സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയെയാണ് സംസ്ഥാനം ഇതിനായി ആശ്രയിക്കുന്നത്. കേരളത്തിൽ വിതരണം ചെയ്യുന്ന റാബിസ് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച് ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് ഇവയെല്ലാം ആദ്യം തൊട്ടേ തള്ളിക്കളയുകയായിരുന്നു.
ഇത്തരമൊരു പരാതിയുണ്ടായാല്‍ അത് വേഗത്തില്‍ പരിശോധിക്കണമെങ്കില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പില്‍ നിന്ന് കൃത്യമായ മാനദണ്ഡ പ്രകാരം വാക്‌സിന്‍ സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയില്‍ എത്തിക്കണം. ഇതൊന്നും ചെയ്യാതെയാണ് വാക്‌സിന്‍റെ ഗുണനിലവാരം സംബന്ധിച്ച പരാതികളെ ആരോഗ്യവകുപ്പ് നിരസിച്ചത്.
നിയമസഭയില്‍ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചപ്പോള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതോടെ ഒരു വിദഗ്‌ധ സമിതിയെ വാക്‌സിന്‍റെ ഗുണനിലവാരത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് സമിതിയുടെ ചെയര്‍മാന്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്‌ടര്‍ ഡോ. ഇ ശ്രീകുമാര്‍, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്‍റര്‍ ഫോര്‍ റഫറന്‍സ് ആൻഡ് റിസര്‍ച്ച് ഫോര്‍ റാബീസ് നിംഹാന്‍സ് ബെംഗളൂരു, അഡീഷണല്‍ പ്രൊഫസര്‍ ഡോ. റീത്ത എസ് മണി, ഡ്രഗ് കണ്‍ട്രോളര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. സ്വപ്‌ന സൂസന്‍ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്‌ടര്‍ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.
വകഭേദം പഠിക്കാന്‍ സര്‍ക്കാര്‍ : സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. വാക്‌സിനുകളുടെ ഫലപ്രാപ്‌തി നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. എന്നാല്‍ വാക്‌സിനും സിറവും സ്വീകരിച്ചവരിലും പേവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരന്വേഷണം.
ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തും. പ്രതിരോധ നടപടികള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇപ്പോഴും ഇവ സംബന്ധിച്ച് പഠനങ്ങള്‍ എന്ന നിലപാടിലുള്ളത്. ഉദാസീനത വിട്ട് സര്‍ക്കാരും തദ്ദേശഭരണ സംവിധാനങ്ങളും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത്യാഹിതങ്ങള്‍ ഏറും.