തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം നടപ്പാക്കുന്നു. യാത്രക്കാർക്ക് ഇനി മുതൽ ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കും. ബസിനുള്ളില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ സ്‌കാന്‍ കോഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്‌താണ് ടിക്കറ്റ് എടുക്കേണ്ടത്.
ബുധനാഴ്‌ച മുതല്‍ പുതിയ സംവിധാനം നിലവിൽ വരും. പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിര്‍വഹിച്ചു. ആദ്യം സൂപ്പർ ക്ലാസ് ബസുകളിലാണ് ഫോൺ പേ ക്യൂ ആർ കോഡ് വഴി പണം അടയ്ക്കാനുള്ള സംവിധാനം നടപ്പാകുക. ഭാവിയില്‍ എല്ലാ ബസുകളിലും ഈ സംവിധാനം നടപ്പാക്കും.
പുതിയ സംവിധാനം വഴി ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തൽ. പൊതുവെ യാത്രക്കാര്‍ പരാതിപ്പെടുന്നത് ചില്ലറയുടെ ദൗര്‍ലഭ്യവും ബാലന്‍സ് തിരികെ ലഭിക്കാത്തതും ആണ്. ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം നടപ്പിലാകുന്നതോടെ ഇത്തരം പരാതികള്‍ക്ക് ശമനമാകും.