തിരുവനന്തപുരം : പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായി ജയ്‌ക് സി തോമസ് മത്സരിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായത്. നാളെ കോട്ടയത്ത് ജില്ല കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
മൂന്ന് പേരുകളാണ് ജില്ല നേതൃത്വം സംസ്ഥാന ഘടകത്തിന് കൈമാറിയത്. ജേയ്‌ക് സി തോമസിനെ കൂടാതെ ജില്ല സെക്രട്ടേറിയറ്റ് അംഗം റെജി സക്കറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ പേരുകളാണ് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ നടത്തിയ പ്രകടന മികവും മണ്ഡലത്തിലെ സ്വാധീനവും കണക്കിലെടുത്താണ് ജയ്‌ക് സി തോമസ് എന്ന ഒറ്റ പേരിലേക്ക് സിപിഎം എത്തിയത്.
കനത്ത രാഷ്ട്രീയ പോരാട്ടം പ്രതീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പുതുമുഖ സ്ഥാനാർഥി എത്തുന്നത് ഗുണം ചെയ്യില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജെയ്‌കിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം സിപിഎമ്മിൽ നിന്ന് ഉണ്ടായിട്ടില്ല.
ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള മന്ത്രി വി എൻ വാസവൻ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നാളെ കോട്ടയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് മാത്രമാണ് പ്രതികരിച്ചത്. നാളെ ജില്ല കമ്മിറ്റിയും തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിയും യോഗം ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നേതൃത്വത്തിലാകും ഈ യോഗങ്ങൾ ചേരുക. ഇതിന് ശേഷം എംവി ഗോവിന്ദൻ സ്ഥാനാർഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്.
2016ലും 2021ലും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനമാണ് നടത്തിയത് എന്നാണ് സിപിഎം വിലയിരുത്തൽ.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്‌ച്ച(08.08.2023) വൈകിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് ഉത്തരവ് ഇറക്കിയത്. ഇതോടെ നേതാക്കളെല്ലാം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെത്തി ചർച്ചകൾ ആരംഭിച്ചു. ഫോൺ മുഖാന്തരം ദേശീയ നേതാക്കളുമായും ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചകൾ നടത്തി.
ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്. സൂക്ഷ്‌മ പരിശോധന ഓഗസ്റ്റ് 18ന് നടക്കും. നോമിനേഷൻ പിന്‍വലിക്കാൻ ഓഗസ്റ്റ് 21 വരെയാണ് സമയ പരിധി. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ. ബിജെപി ഇതുവരെ സ്ഥാനാർഥി നിർണയം നടത്തിയിട്ടില്ല.
Read more : Puthupally byelection | ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഡല്‍ഹിയില്‍