തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ചിട്ടയായ പ്രവർത്തനത്തിന് തയ്യാറെടുത്ത് സിപിഎം. ഇതിന്‍റെ ഭാഗമായി സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടുള്ള ജെയ്‌ക് സി.തോമസ് 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മുഖ്യമന്ത്രി രണ്ട് ഘട്ടങ്ങളിലായി പുതുപ്പള്ളിയില്‍ പ്രചാരണത്തിനുമെത്തും.
രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ ഒരു വീഴ്‌ചയുമുണ്ടാകാത്ത പ്രവർത്തനം നടത്തണമെന്നാണ് വെള്ളിയാഴ്‌ച (11.08.2023) ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. സ്ഥാനാർഥിയായി ജെയ്‌ക് സി തോമസിന്‍റെ പേരും സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നു. ശനിയാഴ്‌ച കോട്ടയം ജില്ല കമ്മിറ്റി ചേർന്ന ശേഷം ഔദ്യോഗികമായാണ് ജെയ്‌കിന്‍റെ പേര് പ്രഖ്യാപിക്കുക.
പ്രവര്‍ത്തനം ഇങ്ങനെ: തുടര്‍ന്ന് ഓഗസ്‌റ്റ് 16ന് തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 17 നാകും ജെയ്‌ക് സി.തോമസ് നാമനിര്‍ദേശ പത്രിക സമർപ്പിക്കുക. അതിന് ശേഷമുള്ള 19 ദിവസവും കൃത്യമായ പ്രവർത്തനത്തിനാണ് സിപിഎം രൂപം നൽകുന്നത്.
ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മന്ത്രിമാർ ഉള്‍പ്പടെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രി രണ്ട് ഘട്ടങ്ങളിലായി പുതുപ്പള്ളിയിൽ പ്രചാരണം നടത്തും. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തും ഭരിക്കുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സിപിഎം. മാസപ്പടി വിവാദമടക്കം യുഡിഎഫ് ഉയർത്താൻ സാധ്യതയുള്ള വിഷയങ്ങളിൽ കൃത്യമായ പ്രതിരോധം തീർക്കാനാണ് സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി ചേരാനിരുന്ന സംസ്ഥാന സമിതി യോഗം സിപിഎം മാറ്റിവച്ചു.
ജെയ്‌കിലേക്ക് വന്നത് ഇങ്ങനെ: അതേസമയം മൂന്ന് പേരുകളാണ് ജില്ല നേതൃത്വം സംസ്ഥാന ഘടകത്തിന് കൈമാറിയത്. ജെയ്‌ക് സി.തോമസിനെ കൂടാതെ ജില്ല നേതാവ് റെജി സക്കറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരുടെ പേരുകളാണ് ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ നടത്തിയ പ്രകടന മികവും മണ്ഡലത്തിലെ സ്വാധീനവും കണക്കിലെടുത്താണ് ജെയ്‌ക് സി.തോമസ് എന്ന ഒറ്റ പേരിലേക്ക് സിപിഎം എത്തിയത്.
കനത്ത രാഷ്ട്രീയ പോരാട്ടം പ്രതീക്ഷിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പുതുമുഖ സ്ഥാനാർഥി എത്തുന്നത് ഗുണം ചെയ്യില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജെയ്‌ക് തന്നെ മതി എന്ന് തീരുമാനിച്ചത്. ശനിയാഴ്‌ച കോട്ടയത്തെത്തുന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിലാകും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. മന്ത്രി വി.എൻ വാസവനാണ് തെരഞ്ഞെടുപ്പിന്‍റെ ചുമതല നൽകിയിരിക്കുന്നത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച(08.08.2023) വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് ഉത്തരവ് ഇറക്കിയതിന് തൊട്ടുപിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിനാണ് നടക്കുക. നാമനിര്‍ദേശ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17 ആണ്.