തിരുവനന്തപുരം : ജില്ലയുടെ ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകേറ്റി പുതിയൊരിടം കൂടി ഒരുങ്ങുന്നു. ചരിത്രമുറങ്ങുന്ന കിഴക്കേക്കോട്ടയിലെ പുത്തരിക്കണ്ടം മൈതാനം അടിമുടി മാറുകയാണ്. സർക്കാരും തിരുവനന്തപുരം നഗരസഭയും തലസ്ഥാനത്തെ സ്‌മാർട്ട് സിറ്റിയും സംയുക്തമായാണ് പുത്തരിക്കണ്ടം മൈതാനത്തിന് പുതിയ മുഖം സമ്മാനിച്ചത്. പുതുക്കിയ മൈതാനം മന്ത്രിമാരായ ആന്‍റണി രാജു , വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പത്തര കോടിയോളം രൂപ ചെലവഴിച്ച് യോഗ തീം പാർക്ക്, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, സൈക്ലിങ് പാതകൾ, നടപ്പാതകൾ, തുടങ്ങി വിവിധ സംവിധാനങ്ങളാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പിക്കാൻ ക്യാമറകളും എമർജൻസി ബട്ടണുകളും രാത്രി കാലങ്ങളിൽ ലൈറ്റും മൈതാനത്ത് ഒരുക്കിയിട്ടുണ്ട്.
നഗരത്തിന്‍റെ സാംസ്‌കാരിക തനിമ ചോർന്നുപോകാതെ വാണിജ്യ വ്യാപാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് നഗരസഭ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ഇതിന്‍റെ ഭാഗമായി 500 സീറ്റുകൾ ഉള്ള ഓപ്പൺ എയർ ഓഡിറ്റോറിയം, നാലുകെട്ട് മാതൃകയിലുള്ള ആർട്ട് ഗാലറി, വൈഫൈ ഹോട്ട്സ്‌പോട്ട്, ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വൈബ്‌സ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിനാണ് മൈതാനത്തിൻ്റെ നടത്തിപ്പ് ചുമതല.