കാഴ്ചാപരിമിതി ഉള്ളവർക്ക് ജീവിതത്തിലേക്ക് തിരിച്ചു വരവ് ഒരുക്കി പുനർജ്യോതി പദ്ധതി. തിരുവനന്തപുരം ഗവൺമെന്‍റ് കണ്ണാശുപത്രിയിലെ അലുംനി അസോസിയേഷനും സംസ്ഥാന സർക്കാരും ചേര്‍ന്നാണ് ഇവര്‍ക്ക് പുനരധിവാസവും പരിശീലനവും നടപ്പാക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ചാ പരിമിതി മറികടക്കാൻ പരിശീലിപ്പിക്കുന്നതാണ് പദ്ധതി.
തിരുവനന്തപുരം വിമൻസ് കോളജിലെ ഫിലോസഫി ഒന്നാംവർഷ ബിരുദവിദ്യാർഥിയായ ദീപ്തിയുടെ കാഴ്ച മങ്ങിത്തുടങ്ങിയത് ആറാം ക്ലാസിൽ വച്ചാണ്. ക്രമേണ ജീവിതം പൂർണമായും ഇരുട്ടിലായി. നിലവില്‍ ദീപ്തിയുടെസഹോദരൻ ദീപുവും കാഴ്ച മങ്ങി ഇരുട്ടിലേക്കുള്ള യാത്രയിലാണ്. ഒമ്പതാം ക്ലാസുകാരനായ ദീപുവിന് വളരെ അടുത്തുള്ള അക്ഷരങ്ങള്‍ മാത്രമാണ് വായിക്കാന്‍ സാധിക്കുന്നത്. നൂറിൽ ഒരാൾക്ക് ഇത്തരത്തിൽ കാഴ്ച പരിമിതി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആയുർദൈർഘ്യം കൂടുന്നതനുസരിച്ച് ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, മാക്കുലാർ ഡിജനറേഷൻ തുടങ്ങിയ രോഗങ്ങൾമൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടാനാണ് സാധ്യതയെന്നും പഠനങ്ങൾ പറയുന്നു.
സംസ്ഥാനത്ത് കാഴ്ച പരിമിതരുടെ പുനരധിവാസത്തിനുള്ള സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഇല്ല എന്നുതന്നെ പറയാം. ഈ സാഹചര്യത്തിലാണ് ഗവൺമെന്‍റ് കണ്ണാശുപത്രിയിലെ അലുംനി അസോസിയേഷൻ മുൻകൈയെടുത്ത് സർക്കാർ സഹകരണത്തോടെ ആശുപത്രിയിൽ പുനരധിവാസ കേന്ദ്രം ആരംഭിച്ചത്. സമൂഹം നൽകുന്ന മാനസിക പിന്തുണയും നൂതന ഉപകരണങ്ങളിൽ ഉള്ള പരിശീലനവും ഈ ജീവിതങ്ങളെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായിക്കുന്നവയാണ്. ഏറെ പരിമിതികളിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ വിജയത്തിനായി കൂടുതൽ സുമനസുകൾ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് പദ്ധതിയുടെ ഭാരവാഹികൾ.