തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി നടപ്പാക്കി ചരിത്രം കുറിക്കാൻ ഒരുങ്ങി സർക്കാർ. കാലാവസ്ഥ വ്യതിയാനത്തിലും കടലാക്രമണത്തിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്കായാണ് കെട്ടിടം ഒരുങ്ങുന്നത്. ഇതിനായി ക്ഷീരവികസന വകുപ്പിൽ നിന്നും എട്ടേക്കർ വസ്‌തു ലഭ്യമാക്കി 50 കെട്ടിടസമുച്ചയം നിർമിച്ച് 400 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2450 കോടി രൂപയാണ് പുനർഗേഹം പദ്ധതിക്കായി സർക്കാർ നീക്കി വെച്ചിട്ടുള്ളത്. തീരദേശത്ത് രൂക്ഷമായ കടലാക്രമണ ഭീഷണിയുള്ള വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത മേഖലയിലേക്ക് മാറ്റി താമസിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല.
16 മാസത്തിനുള്ളിൽ ഫ്ലാറ്റുകളുടെ നിർമാണം പൂർത്തീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജുവും അറിയിച്ചു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു മുന്നേറ്റമെന്നും മന്ത്രി അറിയിച്ചു. കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്‌തീർണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. രണ്ട് കിടപ്പുമുറിയും ഒരു ഹാളും അടുക്കളയും ശൗചാലയ സൗകര്യങ്ങളും ഫ്ലാറ്റിൽ ഉണ്ടാകും.
സർക്കാരിന്‍റെ രണ്ടാം വാർഷികഘോഷത്തിനോട് അനുബന്ധിച്ച് മലപ്പുറം പൊന്നാനിയിൽ 100ഉം കോഴിക്കോട് വെസ്റ്റ് ഹില്ലിൽ 80ഉം കാസർഗോഡ് കോയിപ്പാടിയിൽ 140ഉം ഫ്ലാറ്റുകളുടെ ശിലാസ്ഥാപനം നടത്തുന്നുണ്ട്. കൂടാതെ ഗുണഭോക്താക്കൾ സ്വന്തം നിലയിൽ കണ്ടെത്തിയ ഭൂമിയിൽ നിർമിച്ച 1150 ഭവനങ്ങളുടെ പൂർത്തീകരണവും നടപ്പിലാക്കും. ഇതിനകം നിർമിച്ച് കൈമാറിയ കാരോട്, ക്യൂഎസ്‌എസ് കോളനി, പൊന്നാനി ഫ്ലാറ്റുകളിൽ സോളാർ സിസ്റ്റം ഒരുക്കി വൈദ്യുതി ഉത്‌പാദനത്തിലും സ്വയം പര്യാപ്‌തത കൈവരിക്കാൻ കഴിയുന്ന പ്രവർത്തനം നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചു.
നിലവിൽ 21219 കുടുംബങ്ങളാണ് ഇത്തരം രീതിയിൽ താമസിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്‌തിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. 8675 കുടുംബങ്ങൾ മാത്രമാണ് സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. അവർക്കായി സ്വന്തം നിലയിൽ രണ്ടു മുതൽ മൂന്നു സെന്‍റ് വരെ ഭൂമി വാങ്ങി ഭവനം നിർമിക്കാനും ഭൂമിയും വീടും ഒരുമിച്ച് വാങ്ങാനും ഗ്രൂപ്പുകളായി ഭൂമി കണ്ടെത്തി ഫ്ലാറ്റ് നിർമിക്കാനുമായി ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ ധനസഹായമുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതുവരെ പുനർഗേഹം പദ്ധതി പ്രകാരം 5495 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.