തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ അന്വേഷണ സംഘങ്ങൾക്ക് മൊഴി നൽകിയത്.
താൻ കത്ത് കണ്ടിട്ടില്ല. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള ഒരു കത്ത് തന്‍റെ പേരിൽ തയാറാക്കിയിരുന്നു. ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് അത് തയാറാക്കിയത്. ഓഫിസിൽ തയാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നും ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും പറഞ്ഞു.
നിയമന കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് ഡിജിപി അനിൽകാന്തിന് കൈമാറും. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്ന് നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കും. മേയറുടെ ഓഫിസിലെ കമ്പ്യൂട്ടറും വിജിലൻസ് ഇന്ന് പരിശോധിക്കും.