തിരുവനന്തപുരം: വെള്ളക്കരം വർധനയെ തുടർന്ന് നഗരത്തിലെ പൊതുടാപ്പുകളുടെ എണ്ണം വെട്ടികുറയ്ക്കാനൊരുങ്ങി നഗരസഭ. ഉപയോഗ ശൂന്യമായ പൊതുടാപ്പുകളെ കുറിച്ച് നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് റിപ്പോർട്ട് നൽകാൻ വാർഡ് കൗൺസിലർമാർക്ക് നേരത്തെ തന്നെ ചുമതല നൽകിയിരുന്നു. ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് സംസ്ഥാന സർക്കാർ വെള്ളക്കരം വർദ്ധിപ്പിച്ചത്.
ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ഇതോടെ പൊതുടാപ്പുകൾക്ക് വേണ്ടി മാത്രം വലിയ തുക ചിലവഴിക്കേണ്ടി വരുമെന്ന കണക്ക് കൂട്ടലിലാണ് പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായത്. നഗരസഭ പരിധിയിലെ നൂറ് വാർഡുകളിലായി 2800 ലധികം പൊതു പൈപ്പുകളാണ് നിലവിലുള്ളത്. അതാത് വാർഡ് പ്രദേശങ്ങളിൽ പൊതുജനങ്ങൾ ആശ്രയിക്കാത്ത ടാപ്പുകളുടെ വിവരം നൽകാനാണ് കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. തീരദേശ മേഖലയിലാണ് കൂടുതലായും പൊതു ടാപ്പുകളെ ജനങ്ങൾ വലിയ രീതിയിൽ ഉപയോഗിക്കുന്നത്.
നിലവിൽ ഒരു പൊതുടാപ്പിന് 8928 രൂപയാണ് നഗരസഭ വാട്ടർ അതോറിറ്റിക്ക് അടയ്ക്കുന്നത്. എന്നാൽ പുതുക്കിയ തുക നിലവിൽ വരുന്നതോടെ ഇത് 21,300 രൂപയായി വർദ്ധിക്കും. ഇതോടെ വർഷത്തിൽ നഗരസഭ വാട്ടർ അതോറിറ്റിക്ക് അടയ്‌ക്കേണ്ട തുക രണ്ടര കോടിയിൽ നിന്നും 5 കോടി 96 ലക്ഷം രൂപയായി വർദ്ധിക്കും. വാട്ടർ അതോറിറ്റിക്ക് നഗരസഭ നൽകേണ്ട കുടിശ്ശികയെ കുറിച്ചും അധികൃതർക്ക് വ്യക്തതയില്ല.
Also Read: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: ഉത്തരവുകൾ കീറിയെറിഞ്ഞ് എംപിമാർ, ഇരുസഭകളും നിർത്തിവച്ചു
2015-16 സാമ്പത്തിക വർഷം വരെ പൊതുടാപ്പുകളിലെ വെള്ളക്കരത്തിനായി സർക്കാരിൽ നിന്നും നഗരസഭയ്ക്കും വാട്ടർ അതോറിറ്റിക്കും സബ്‌സിഡി ലഭിക്കുമായിരുന്നു. എന്നാൽ സർക്കാർ ഇത് നിർത്തലാക്കിയതോടെ പിന്നീട് നഗരസഭ നേരിട്ട് പൊതുടാപ്പുകളുടെ ചിലവ് വഹിക്കുകയായിരുന്നു. പൊതുടാപ്പുകളുടെ എണ്ണം പല കാലഘട്ടങ്ങളിലായി വർദ്ധിപ്പിച്ചിരുന്നതിനാൽ ഇതിന്‍റെ കുടിശ്ശികയും നഗരസഭ വാട്ടർ അതോറിറ്റിക്ക് നൽകാനുണ്ട്.
പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുമ്പോൾ തന്നെ വാട്ടർ അതോറിറ്റിയും നഗരസഭയും തമ്മിൽ നൽകാനുള്ള കുടിശ്ശിക തുക പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ മേയറുടെ നേതൃത്വത്തിൽ യോഗം ചേരാനാണ് നിലവിലെ ആലോചന. ഏപ്രിൽ 1 മുതൽ പുതുക്കിയ വെള്ളക്കരം നിലവിൽ വരുന്നതോടെ പൊതുടാപ്പുകൾ വെട്ടികുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ ഭീമമായ തുകയാകും നഗരസഭ സഹിക്കേണ്ടി വരിക.
നിലവിൽ ഇതിനായി തനത് വരുമാനത്തിൽ നിന്നും നഗരസഭ തുക വകയിരുത്തിയിട്ടില്ല. തീരദേശ വാർഡുകളിലാണ് ജനങ്ങൾ കൂടുതലായും പൊതുടാപ്പുകൾ ഉപയോഗിക്കുന്നത്. തീരദേശ വാർഡുകളിൽ കണക്ഷനുകൾ വിച്ഛേദിക്കുമ്പോൾ ജനകീയ പ്രശ്‌നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നഗരസഭയുടെ നിർദേശവുമുണ്ട്.
വെള്ളക്കരം വർദ്ധനയെ തുടർന്ന് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുടാപ്പുകളുടെ എണ്ണം കുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ പൊതുടാപ്പുകളുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഉത്തരവാദിത്വം കൗൺസിലർമാരുടെ പേരിലാകുമെന്ന് ഭയന്ന് തിരുവനന്തപുരം നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരിൽ പലരും റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നുണ്ട്.
Also Read: ഓർമയില്‍ മായാതെ ആ ചിരിത്തിളക്കം, ഇന്നസെന്‍റിന് വിട