തിരുവനന്തപുരം: വാഗ്‌ദാനങ്ങൾ വാക്കിലൊതുങ്ങിയ കഥകൾ പലതരമുണ്ട്. ആ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ഒന്നാണ് തലസ്ഥാന നഗരിയിലെ പൊതു ശുചിമുറി സമുച്ചയങ്ങളുടെ കാര്യവും. ആധുനിക സൗകര്യങ്ങളോട് കൂടിയ പൊതു ശുചിമുറി സമുച്ചയങ്ങളായിരുന്നു തദ്ദേശ വകുപ്പിന്‍റെ 'ടേക്ക് എ ബ്രേക്ക് പദ്ധതി'യുടെ ലക്ഷ്യം (Public washroom with modern facilities of take a break project in thiruvananthapuram).
ബേസിക്, സ്‌റ്റാൻഡേർഡ്, പ്രീമിയം വിഭാഗങ്ങളിലായി 971 ടേക്ക് എ ബ്രേക്ക് സമുചയങ്ങളാണ് സംസ്ഥാനമാകെ ആരംഭിച്ചത്. ഇതിൽ 69 എണ്ണം തിരുവനന്തപുരം ജില്ലയിലാണെന്ന് തദ്ദേശ മന്ത്രി തന്നെ നിയമസഭയിൽ അവകാശപ്പെടുന്നു.
കരകുളം ഗ്രാമ പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്‍റെ മാത്രം അവസ്ഥയല്ലിത്. 69 ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങളിൽ 37 എണ്ണം മാത്രമേ കുടുംബശ്രീക്ക് നൽകിക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിറക്കിയിട്ടുള്ളു. 22 എണ്ണത്തിൽ മാത്രമാണ് കുടുംബശ്രീക്ക് യൂണിറ്റുകളെ കണ്ടെത്താനായത്.
ബാക്കിയുള്ളവയിൽ പലതിന്‍റെയും നിർമാണം പോലും പൂർത്തിയായിട്ടില്ല. അതാത് തദ്ദേശ സ്ഥാപനങ്ങൾക്കാണ് ടേക്ക് എ ബ്രേക്ക് പദ്ധതികളുടെ നിർമാണ ചുമതല. പദ്ധതി മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ശുചിമുറി, റസ്‌റ്റ് റൂം, കഫെറ്റീരിയ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കെട്ടിടങ്ങൾ നിർമ്മിക്കാനാണ് നിർദേശം.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തദ്ദേശ മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ പദ്ധതി മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീടെത്തിയ തദ്ദേശ മന്ത്രി എംബി രാജേഷ് ഈ വശത്തേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ലെന്നതിന് മറ്റ് തെളിവുകള്‍ ഇനി വേണ്ട.