തിരുവനന്തപുരം: നിയമന കാര്യത്തില്‍ തീരുമാനമുണ്ടാകും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സെക്രട്ടേറിയറ്റിനു മുൻപില്‍ അനിശ്ചിതകാല നിരാഹാര സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാർ. ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗത്തിലും നിയമന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നത്തെ മന്ത്രിസഭ തീരമാനമെടുത്തതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കടുത്ത അമര്‍ഷവും രേഖപ്പെടുത്തി. സര്‍ക്കാരിന് താത്‌കാലിക ജീവനക്കാരോട് മാത്രമേ സഹാനുഭൂതിയുള്ളൂവെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡറായ ലയ രാജേഷ് പ്രതികരിച്ചു. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി പിടിച്ചുള്ള സമരമല്ലെന്നും ജീവിത സമരമാണെന്നും ലയരാജേഷ് വ്യക്തമാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു എന്ന് കൊല്ലം ജില്ലാ എല്‍.ജി.എസ് റാങ്ക് ഹോള്‍ഡര്‍ രമ്യ അഭിപ്രായപ്പെട്ടു. അതേ സമയം നിയമന കാര്യത്തിൽ സർക്കാർ കനിയണമെന്നും വിജയം വരെ സമരവുമായി മുന്നോട്ടു പോകുമെന്നും മറ്റൊരു എല്‍.ജി.എസ് റാങ്ക് ഹോള്‍ഡറായ ദിവ്യ പറഞ്ഞു.
താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുൻപില്‍ ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു.