തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പരാമർശത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയുകയോ ക്രിമിനൽ നിയമനടപടികൾ നേരിടുകയോ ചെയ്യണം. 10 കോടി രുപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഇതിനു പുറമെ ഫേസ്ബുക്കില്‍ തനിക്കെതിരെയും പാർട്ടിക്കെതിരെയും വിവിധ വ്യക്തികൾ നടത്തിയ അധിക്ഷേപങ്ങളിൽ 11 കേസുകൾ കൂടി നൽകുമെന്നും പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തോൽക്കുമെന്ന് താൻ പറഞ്ഞിട്ടില്ലന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് ആരോപിച്ചിരുന്നു. സംയുക്തസമരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയപാത 17ന്‍റെ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നത് തല്‍ക്കാലം തടയണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 14ന് ശ്രീധരന്‍പിള്ള കേന്ദ്രമന്തി ഗഡ്കരിക്കയച്ച കത്തും അദ്ദേഹം പുറത്തുവിട്ടിരുന്നു.