തിരുവനന്തപുരം: കായിക മന്ത്രി വി അബ്‌ദുറഹ്മാൻ അപമാനിച്ചെന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായികതാരങ്ങൾ. സർക്കാർ വാഗ്‌ദാനം ചെയ്‌ത നിയമനം ലഭിച്ചില്ല എന്നാരോപിച്ച് 16 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായികതാരങ്ങളെ മന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരുന്നു.
രാവിലെ 11 മണിക്ക് ഓഫീസിൽ എത്താനാണ് കായികതാരങ്ങളോട് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് പതിനൊന്നു മണിക്ക് തന്നെ ഓഫീസിൽ എത്തിയ കായികതാരങ്ങളുടെ പ്രതിനിധികളെ കാണാൻ മന്ത്രി തയാറായില്ല. രണ്ടുമണിക്കൂറോളം ഓഫീസിൽ നിർത്തിയ ശേഷം ഇന്ന് കാണാൻ കഴിയില്ലെന്ന് അറിയിച്ചതായി കായികതാരങ്ങൾ പറഞ്ഞു.
ചർച്ചയ്ക്ക് സമയം കിട്ടുമ്പോൾ അറിയിക്കാം എന്നാണ് ഇവരോട് പറഞ്ഞിരിക്കുന്നത്. വിളിച്ചുവരുത്തി അപമാനിക്കുകയാണ് മന്ത്രി ചെയ്‌തതെന്ന് കായികതാരങ്ങൾ ആരോപിച്ചു. സ്പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് സർക്കാർ വേണ്ടപ്പെട്ടവർക്ക് മാത്രം നിയമനം നൽകിയിരിക്കുന്നത്.
സ്വർണമെഡൽ നേടിയവർ നിയമനം കാത്തിരിക്കുമ്പോൾ മറ്റു മെഡലുകൾ നേടിയ പലരും ജോലിക്ക് കയറിയതായും ഇവർ ആരോപിച്ചു. ഇക്കാര്യം മനസിലായത് കൊണ്ടാണ് മന്ത്രി ചർച്ചയിൽ നിന്ന് പിന്മാറിയത്. നിയമനം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും കായിക താരങ്ങൾ വ്യക്തമാക്കി.
ALSO READ: ഗുജറാത്തിൽ കെമിക്കൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരു മരണം, 15 പേർക്ക് പരിക്ക്