തിരുവനന്തപുരം: സംസ്ഥാനത്തെ കിഫ്ബി വഴി പദ്ധതികളുടെ പൂർത്തീകരണം വൈകുന്നതായി സാമ്പത്തിക അവലോകനം റിപ്പോർട്ട്. പദ്ധതികൾക്കായി വിതരണം ചെയ്യുന്ന തുകയിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വികസനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് പദ്ധതികൾ ഇഴയുന്നതായി സാമ്പത്തിക അവലോകനം റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 459.47 കോടി രൂപയാണ് കിഫ്ബി പദ്ധതികൾക്കായി വിതരണം ചെയ്‌തത്. മുൻ സാമ്പത്തിക വർഷം ഇത് 5484.88 കോടി രൂപയായിരുന്നു. വലിയ കുറവാണ് പദ്ധതികൾക്ക് തുക അനുവദിക്കുന്നതിൽ ഉണ്ടായിരിക്കുന്നത്.
928 നിർമാണ പ്രവർത്തികളിൽ 101 എണ്ണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. 369 പദ്ധതികളുടെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. 16 പ്രവർത്തികൾക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്.
ആറ് പദ്ധതികളുടെ സാങ്കേതിക അനുമതിക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 41 പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയും 53 പ്രവർത്തികളുടെ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ടെന്നും സാമ്പത്തിക അവലോകനം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.