തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യ ബസ് സർവീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളി സംഘടനയായ കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് സംഘ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിലവിൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് അവസാനിക്കുമ്പോൾ അവ കെഎസ്ആർടിസി ഏറ്റെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സമയനിഷ്ഠ പാലിക്കാതെയുള്ള മത്സര ഓട്ടവും റൂട്ട് തെറ്റിച്ച് സർവീസ് നടത്തുന്നതുമടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസിയെ മിന്നൽ പണിമുടക്കിലേക്ക് നയിച്ചതും സ്വകാര്യ ബസ് സർവിസുകളുമായുള്ള തർക്കമായിരുന്നു. പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ് മുന്നോട്ടു നീങ്ങുകയാണ്. ഇതിനായി ജീവനക്കാരുടെ വിവരങ്ങളും നിരത്തിൽ നിർത്തിയിട്ട ബസുകളുടെ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ തിങ്കാഴ്ച ഗതാഗത മന്ത്രിക്ക് റിപ്പോർട്ട് കൈമാറും.