തിരുവനന്തപുരം: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശബരിമല ദർശനം ഒഴിവാക്കിയതായി അറിയിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ സുരക്ഷ ഒരുക്കുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാത്ര ഒഴിവാക്കിയതെന്നാണ് സൂചന. അതേ സമയം തിങ്കളാഴ്ച രാഷ്ട്രപതി കൊച്ചിയിൽ എത്തും. തുടർന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന രാഷ്ട്രപതി വ്യാഴാഴ്ച കൊച്ചിയിൽ തിരിച്ചെത്തി ഡൽഹിക്ക് മടങ്ങും.
രാഷ്ട്രപതി ഭവൻ പൊതുഭരണ വകുപ്പിന് കൈമാറിയ രാഷ്ട്രപതിയുടെ പരിപാടികൾ സംബന്ധിച്ച പട്ടികയിൽ ശബരിമല ദർശനം ഉൾപ്പെടുത്തിയിട്ടില്ല. ഞായറാഴ്ച കൊച്ചിയിൽ എത്തി തിങ്കളാഴ്ച രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ശബരിമലയിൽ രാഷ്ട്രപതി എത്തുമ്പോൾ സുരക്ഷ പെട്ടെന്ന് ഒരുക്കുക വെല്ലുവിളിയാണെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. രാഷ്ട്രപതിക്ക് ഇറങ്ങാൻ ഹെലിപാഡ് ഒരുക്കുന്ന കാര്യത്തിലും ആശങ്ക ഉയർന്നിരുന്നു. സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത് ഉള്ള ജലസംഭരണിക്ക് മേൽ ഹെലിപാഡ് ഒരുക്കാമെന്ന ആലോചനയിലായിരുന്നു അധികൃതർ. എന്നാൽ സംഭരണിയുടെ ബലം സംബന്ധിച്ച് സംശയമുയർന്നു. ഹെലിപാഡിന് സൗകര്യം ഒരുക്കാൻ മരങ്ങളും മുറിച്ചു മാറ്റേണ്ടി വരും. നിലയ്ക്കലിൽ ബദൽ സൗകര്യം ഒരുക്കുന്നതിനും കൂടുതൽ സമയം വേണ്ടി വരും. ഇക്കാര്യങ്ങൾ സർക്കാർ രാഷ്ട്രപതി ഭവനെ അറിയിക്കുകയായിരുന്നു.