തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഗർഭിണിയായ യുവതിക്ക് നേരെ ജീവനക്കാരൻ അതിക്രമം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി കെഎസ്ആർടിസി വിജിലൻസ് വിഭാഗം (KSRTC vigilance department sought report). കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് വട്ടപ്പാറ കല്ലയം സ്വദേശി പ്രമോദിനെതിരെ (42) ആണ് മലയിൻകീഴ് പൊലീസിനോട് വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയത്.
വെള്ളിയാഴ്‌ച (സെപ്റ്റംബർ 08) രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത് (Pregnant Woman Assaulted in KSRTC). മെഡിക്കൽ കോളജിൽ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവേ മലയിൻകീഴ് മേപ്പൂക്കടയ്ക്ക് സമീപത്ത് വെച്ച് പ്രതി പ്രമോദ് പിൻസീറ്റിലിരുന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ആദ്യം പ്രതിയുടെ കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചു.
യുവതി പട്ടത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങവെ ആയിരുന്നു സംഭവം. തുടർന്ന് വിവരം ഭർത്താവിനെ അറിയിക്കുകയും കാട്ടാക്കട ഡിപ്പോയിൽ എത്തി പ്രതിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. അതേസമയം പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ തീരുമാനം.
കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരുടെ ക്രൂരതകൾ തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ഇതിനെതിരെ നടപടികൾ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം. വിദ്യാർഥിനിക്ക് കണ്ടക്‌ടർ ബാക്കി കാശ് കൊടുക്കാത്ത സംഭവത്തിലും കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിനിയായ അനശ്വരയ്‌ക്കാണ് കണ്ടക്‌ടർ ബാക്കി പണം നൽകാതിരുന്നത്.
READ ALSO: കെഎസ്‌ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതി റിമാൻഡിൽ
കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 6.40ന് ആട്ടുകാലിൽ നിന്ന് നെടുമങ്ങാടേക്ക് ട്യൂഷനായി പോകവെ ആയിരുന്നു സംഭവം. കയ്യിൽ ചില്ലറ ഇല്ലാത്തതിനാൽ 100 രൂപയുടെ നോട്ട് നൽകിയാണ് വിദ്യാർഥിനി 18 രൂപയുടെ ടിക്കറ്റ് എടുത്തത്. ബാക്കി കിട്ടേണ്ട രൂപ ചോദിച്ചപ്പോൾ ചില്ലറ ഇല്ലെന്നായിരുന്നു കണ്ടക്‌ടറുടെ മറുപടി. പലവട്ടം ബാക്കി തുക ആവശ്യപ്പെട്ടതോടെ കണ്ടക്‌ടർ അനശ്വരയോട് ക്ഷുഭിതനായി.
പിന്നീട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴും കുട്ടി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാൽ ബാക്കി തുക നൽകാൻ കണ്ടക്‌ടർ തയ്യാറായില്ല. ഇതേ തുടർന്ന് വൈകിട്ട് 12 കിലോമീറ്ററോളം നടന്നാണ് അനശ്വര വീട്ടിലെത്തിയത്. വൈകിട്ട് 5.30ന് ബസ് തിരികെ നാട്ടിൽ എത്തിയപ്പോൾ കുട്ടിയുടെ പിതാവായ അഖിലേഷ് ബസ് തടഞ്ഞ് നിർത്തി കണ്ടക്‌ടറോട് വിവരം തിരക്കിയപ്പോൾ ബാക്കി തുക നൽകാനുണ്ടെന്ന് ഇയാൾ സമ്മതിച്ചു. തുക വേണമെങ്കിൽ ബലമായി വാങ്ങിക്കാൻ അഖിലേഷിനോട് കണ്ടക്‌ടർ വെല്ലുവിളിക്കുകയും ചെയ്‌തു.
തുടർന്ന് സംഭവത്തിൽ ഇവർ നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. എന്നാൽ കണ്ടക്‌ടർ കരഞ്ഞു മാപ്പ് പറഞ്ഞതിനാൽ കേസ് പിൻവലിക്കുകയായിരുന്നു. അതേസമയം സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കണ്ടക്‌ടർക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.