തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.
ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ്, സംസ്ഥാന കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഞായറാഴ്‌ച(25.09.2022) രാത്രി പതിച്ച പോസ്റ്ററുകൾ നീക്കം ചെയ്‌തു. ബിജെപി സംസ്ഥാന ഓഫിസ് അഴിമതി അന്വേഷിക്കുക, ബിജെപി സംസ്ഥാന നേതാക്കളുടെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയവയാണ് പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ.