തിരുവനന്തപുരം: അന്താരാഷ്ട്ര ഷിപ്പിങ് കമ്പനി എംഎസ്‌സി അവരുടെ 2025ലെ ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ 7.4 കോടി രൂപയാണ് ജിഎസ്‌ടി ഇനത്തില്‍ പൊതു ഖജനാവിലേക്ക് വിഴിഞ്ഞത്ത് നിന്നുമെത്തിയത്. പ്രതിസന്ധികളെ അപ്രസക്തമാക്കി തുറമുഖം കുതിക്കുമ്പോള്‍ 77 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ സര്‍വേയിലൂടെ വിഴിഞ്ഞത്തിന്‍റെ വികസന സാധ്യതകളെ തിരിച്ചറിഞ്ഞയാളാണ് മുന്‍ തിരുവിതാംകൂര്‍ പബ്ലിക് വര്‍കസ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ എഞ്ചിനീയറായിരുന്ന ജി ഗോവിന്ദ മേനോന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ 40കളില്‍ കട്ടമരത്തില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അടങ്ങിയ സംഘത്തോടൊപ്പം തിരുവിതാംകൂറിന് വേണ്ടിയാണ് വിഴിഞ്ഞത്തെ തുറമുഖത്തിന്‍റെ സാധ്യതകള്‍ തേടിയ വിദഗ്‌ധ സംഘത്തോടൊപ്പം ജി ഗോവിന്ദ മേനോന്‍ യാത്ര ചെയ്‌തത്. ആഴം കണക്കുകൂട്ടിയപ്പോഴാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യത അത്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
102ാം വയസില്‍ പ്രായത്തിന്‍റെ അവശതകള്‍ അലട്ടുമ്പോഴും വിഴിഞ്ഞത്ത് വ്യാവസായിക തുറമുഖത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തിയ ഓര്‍മ്മകള്‍ക്ക് മങ്ങലേറ്റിട്ടില്ല. ഇറക്കുമതി ചെയ്‌ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലണ്ട് ആസ്ഥാനമായ ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിയില്‍ നിന്നെത്തിയ ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥനോടൊപ്പം തീരത്ത് നിന്നും ഒരു നോട്ടിക്കല്‍ മൈല്‍ ദൂരെ വരെയുള്ള തിരമാലകളെ പഠിക്കാന്‍ ജിജി മേനോനും പുറപ്പെട്ടു.
കടല്‍തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങളെ കുറിച്ചുള്‍പ്പെടെയുള്ള പഠന റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ വഴി ഹാര്‍ബര്‍ എഞ്ചിനീയറിങ് കമ്പനിക്ക് കൈമാറുകയും ചെയ്‌തു. സര്‍ സിപി രാമസ്വാമിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുറമുഖത്തിന്‍റെ സാധ്യത പഠനം.
രാഷ്ട്രീയാന്തരീക്ഷം കാലക്രമേണ മാറിയതോടെ പദ്ധതി ത്രിശങ്കുവിലാവുകയും ജിജി മോനോന്‍ ഉള്‍പ്പെടെയുള്ള സംഘം ഹാര്‍ബര്‍ ഡിവിഷനില്‍ നിന്നും പല വിഭാഗങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്‌തു. 1946ലും 1949ലുമായി നടന്ന സര്‍വേയില്‍ തുറമുഖത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയാനായെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കിയില്ലെന്ന് ജിജി മോനോന്‍ പറഞ്ഞു. അവസാനമായി ചെന്നപ്പോള്‍ ദൂരെ നിന്നും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം കോയമ്പത്തൂരില്‍ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസിലായിരുന്നു ആദ്യം ജോലിയില്‍ പ്രവേശിച്ചിരുന്നത്.
പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, 1946ല്‍ തിരുവിതാംകൂര്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പാലക്കാട് വാട്ടര്‍ റെഗുലേഷന്‍സ് ഡിവിഷന്‍ എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയറായിരിക്കെ പെന്‍ഷനായ ജിജി മേനോന്‍ തിരുവനന്തപുരം കവടിയാര്‍ ശ്രീ ബാലസുബ്രഹ്മണ്യ കോവില്‍ റോഡില്‍ മേടയില്‍ വീട്ടില്‍ മകന്‍ ശശിയോടൊപ്പമാണ് താമസം.
'സഞ്ജു സാംസണ്‍ വാങ്ങിയ വിഴിഞ്ഞത്തെ അച്ഛന്‍റെ പഴയ വീട്'
വിഴിഞ്ഞത്ത് ജോലി ചെയ്യുന്നതിനിടെ അമ്മയും അച്ഛനും വീട് വച്ച് താമസിച്ചിരുന്നുവെന്ന് മകന്‍ ശശി കുമാര്‍ പറഞ്ഞു. പിന്നീട് 2002ല്‍ അച്ഛന്‍റെ നവതിയില്‍ വിഴിഞ്ഞം കാണാനായി പോയിരുന്നു. അന്ന് തുറമുഖവുമായി ബന്ധപ്പെട്ട് പല രാഷ്ട്രീയ ചര്‍ച്ചകളും നിലനില്‍ക്കുന്നുണ്ടായിരുന്നു. അന്ന് അച്ഛനും അമ്മയും താമസിച്ചിരുന്ന നീല പെയിന്‍റടിച്ചിരുന്ന വീട് ഒരു വ്യത്യാസവുമില്ലാതെ അതുപോലെ കണ്ടിരുന്നുവെന്നും ശശി കുമാര്‍ ഓര്‍മിച്ചു. പിന്നീട് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആ വീട് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിഴിഞ്ഞം തുറമുഖ പദ്ധതി: ഉപകരാർ ഒപ്പുവച്ചു