പാലക്കാട്: ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ നീല ട്രോളി വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. രാഹുൽ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് കാട്ടി പ്രത്യേക അന്വേഷണ സംഘം ജില്ലാ പൊലീസ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചത്.
നവംബർ 5ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കള്ളപ്പണം എത്തിച്ചുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്‌ഡ് നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ എന്നിവരുടെ മുറികളിൽ വനിത പൊലീസിൻ്റെ സാന്നിധ്യമില്ലാതെ നടന്ന പരിശോധനയും ഏറെ വിവാദമായിരുന്നു. ഷാഫി പറമ്പില്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ, എംപിമാരായ വികെ ശ്രീകണ്‌ഠൻ, ഷാഫി പറമ്പിൽ എന്നിവര്‍ക്ക് കള്ളപ്പണം കടത്തലില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഭവ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകൻ നീല ട്രോളി ബാഗുമായി ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു ആരോപണം. ഇതോടെ വിവാദം ആളിപ്പടർന്നു. എന്നാല്‍ ട്രോളി ബാഗില്‍ വസ്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയത്.
Also Read: 'എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാനാകില്ല'; മുന്‍ എംഎല്‍എയുടെ മകന്‍റെ നിയമനം റദ്ദാക്കി സുപ്രീം കോടതി