തിരുവനന്തപുരം : സ്‌മാർട്ട് റോഡിനായി കുത്തിപ്പൊളിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നിർമാണം എങ്ങുമെത്താതെ മാതൃഭൂമി റോഡ്. വഞ്ചിയൂർ വാർഡിൽ 585 മീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന മാതൃഭൂമി-അംബുജവിലാസം റോഡിലൂടെ രണ്ട് വർഷമായി ദുരിതയാത്ര നടത്തേണ്ട അവസ്ഥയിലാണ് ജനം. 2020 ഒക്ടോബർ 19ന് നഗരത്തിലെ 40 റോഡുകൾ സ്‌മാർട്ട് റോഡാക്കുന്നതിനായി കരാർ ഏറ്റെടുത്ത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎ കൺസ്ട്രക്ഷൻ കമ്പനിയാണ് മാതൃഭൂമി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്.
എന്നാൽ റോഡ് കുത്തിപ്പൊളിക്കാൻ കമ്പനി കാട്ടിയ ആവേശം കുഴികളടയ്ക്കാൻ കാണിച്ചില്ലെന്നതാണ് യാഥാർഥ്യം. കുടിവെള്ള പൈപ്പ് ലൈനും വൈദ്യുതി പൈപ്പ് ലൈനുമൊക്കെ സ്ഥാപിക്കുന്ന അണ്ടർ ഗ്രൗണ്ട് ഡക്‌ടിങ് (യുജി ഡക്‌ടിങ്) പണികൾ ഉൾപ്പടെ നാമമാത്ര ജോലികള്‍ മാത്രമാണ് മാതൃഭൂമി റോഡിൽ കരാർ കമ്പനി പൂർത്തിയാക്കിയത്. മെറ്റലുകൾ ഇളകി കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനങ്ങൾ കഷ്‌ടിച്ചാണ് കടന്നുപോകുന്നത്. വാഹനങ്ങൾ തെന്നി മറിഞ്ഞ് പലപ്പോഴും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
Also read: പൊട്ടിപ്പൊളിഞ്ഞ തമ്പാനൂർ-മാഞ്ഞാലിക്കുളം റോഡിൽ വാർഡ് കൗൺസിലറുടെ പ്രതിഷേധം
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന മാതൃഭൂമി റോഡിലാണ് വഞ്ചിയൂർ ഗവൺമെന്‍റ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. കുട്ടികളടക്കം ഈ റോഡിലൂടെ യാത്ര ചെയ്‌ത് വേണം സ്‌കൂളിലേക്കെത്താന്‍. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി സ്‌കൂളിലേക്ക് എത്തുന്ന രക്ഷിതാക്കൾ ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും സ്‌മാർട്ട് റോഡ് നിർമാണം എങ്ങുമെത്താത്തതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 30ന് സ്‌മാർട്ട് സിറ്റി കമ്പനിയെ കരാറിൽ നിന്നും ഒഴിവാക്കി പകരം പുതിയ ടെണ്ടർ വിളിച്ചിരിക്കുകയാണ്.