തിരുവനന്തപുരം:പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് നീണ്ടു നിന്ന പ്രസംഗത്തില്‍ ഏറെയും എടുത്ത് പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളായിരുന്നു.
ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ എന്ന മുഖവുരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം അരംഭിച്ചത്. ഈ സമയം തന്നെ പ്രതിപക്ഷം പ്രതിക്ഷേധവുമായി രംഗത്തെത്തി. കൊവിഡ് കാലത്തെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ഗവര്‍ണർ എണ്ണി പറഞ്ഞു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി. കൊവിഡ് പരിശോധന ചികിത്സാ രംഗത്ത് മികവ് കാട്ടിയെന്നും മരണ നിരക്ക് കുറയ്‌ക്കാന്‍ കഴിഞ്ഞെന്നും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയില്‍ സര്‍ക്കാരിന്‍റെ നികുതി വരുമാനത്തില്‍ ഇടിവുണ്ടായി. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും 20,000 കോടിയുടെ പാന്‍ഡെമിക് റിലീഫ് പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കൊവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാനും സർക്കാരിന് കഴിഞ്ഞു.
നൂറ് ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിച്ചു. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനും കഴിഞ്ഞു. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചു വാങ്ങാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഫെഡറിലിസത്തിനായി വിട്ടുവീഴ്‌ചയില്ലാതെ നിലപാടാണ് കേരളം സ്വീകരിക്കുന്നത്. പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയെന്നും ഗവര്‍ണർ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള കേരളത്തിന്‍റെ നടപടികള്‍ മാതൃകാപരമാണെന്നും പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന വാഗ്‌ദാനവും നയപ്രഖ്യാപനത്തിൽ മുന്നോട്ട് വച്ചു. ഈ സാമ്പത്തിക വര്‍ഷം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി രൂപയാണ്. നീതി ആയോഗിന്‍റെ വികസന ഇന്‍ഡെക്‌സില്‍ കേരളം മികച്ച നിലയിലാണ്. 25,000 പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ഇങ്ങനെ സര്‍ക്കാരിന്‍റെ എല്ലാ മേഖലയിലെ വ്രര്‍ത്തനങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു ഈ സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപന പ്രസംഗം.