തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്‍റെ പേരില്‍ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍. അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഉൾപ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഹൈക്കോടതി വിധിയിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വിഴിഞ്ഞത്ത് സമരം നടന്നത്. അതുകൊണ്ട് തന്നെ ക്രമസമാധാനപാലനത്തിന്‍റെ ഭാഗമായി നിയമാനുസൃതമായ നടപടിയാണ് പൊലീസ് എടുത്തത്. അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് മുന്‍കൂട്ടി തന്നെ മനസിലാക്കിയാണ് നടപടി സ്വീകരിച്ചത്.
വര്‍ഗീയ സംഘര്‍ഷമാകുന്നത് തടയാനുള്ള സംവിധാനം ഒരുക്കിയിരുന്നു. സമരം ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ സമരസ്ഥലത്തും, സമീപ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നമുണ്ടാകുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പേരില്‍ ആര്‍ച്ച് ബിഷപ്പും സഹായമെത്രാനും അടക്കം അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആര്‍ച്ച് ബിഷപ്പും പുരോഹിതരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആര്‍.