തിരുവനന്തപുരം: പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് നടപടിയെടുക്കും. ബാലറ്റുകള്‍ ശേഖരിച്ചവരെ സസ്പെന്‍ഡ് ചെയ്യാനും കേസെടുക്കാനും തീരുമാനമാനം ഇന്നുണ്ടാകും. പോസ്റ്റൽ വോട്ടിൽ ക്രമക്കേട് ഉണ്ടായെന്ന് വ്യക്തമാക്കി ഡിജിപി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.
പൊലീസിൽ സിപിഎം നേതൃത്വത്തിലുള്ള അസോസിയേഷൻ ഇത്തരത്തിൽ ക്രമക്കേട് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്ന് ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടികാട്ടി ഡിജിപി പരാതി തള്ളുകയായിരുന്നു. പിന്നാലെയാണ് പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സിഐ റാങ്കിലുള്ള ഒരു സംഘടനാ നേതാവിന്‍റെ സംഭാഷണം പുറത്തുവന്നത്. വോട്ടുചെയ്ത പേപ്പറുകൾ വാങ്ങുകയോ തുടർനടപടിക്കായി ഇടപെടുകയോ ചെയ്യരുതെന്നും വോട്ടർ നേരിട്ട് തന്നെ ഇത് റിട്ടേണിങ് ഓഫീസർക്ക് കൈമാറണമെന്നും ശബ്ദത്തില്‍ പറയുന്നു. സംഭാഷണം പുറത്തുവന്നതോടെയാണ് നിയമലംഘനം പൊളിഞ്ഞതും ആദ്യം നിഷേധിച്ച ക്രമക്കേട് സ്ഥിരീകരിച്ച് ഡിജിപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടിക്കാറാം മീണ ഇന്ന് നടപടി എടുക്കുക.