തിരുവനന്തപുരം: തലസ്ഥാനത്തെ സേനയില്‍ ശുദ്ധീകരണത്തിനൊരുങ്ങി പൊലീസ് വകുപ്പ്. തിരുവനന്തപുരത്ത് ഗൂണ്ടാ ആക്രമണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഗുണ്ടാ - റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്‍റെ ഭാഗമായി മൂന്ന് ഇന്‍സ്‌പെക്‌ടര്‍മാരെയും ഒരു എസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്‌തു.
മംഗലപുരം ഇന്‍സ്‌പെക്‌ടര്‍ സജേഷ്, പേട്ട ഇന്‍സ്‌പെക്‌ടർ റിയാസ് രാജ, ചേരന്നല്ലൂര്‍ ഇന്‍സ്‌പെക്‌ടർ വിപിന്‍ കുമാര്‍, തിരുവല്ലം എസ്‌ഐ സതീഷ്‌കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഇതോടെ സസ്‌പെന്‍ഷനില്‍ ആയവരുടെ എണ്ണം അഞ്ചായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറാണ് ആരോപണ വിധേയരെ സസ്‌പെന്‍ഡ് ചെയ്‌തത്.
നേരത്തെ, ഗുണ്ടാ - റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ റെയില്‍വെ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അഭിലാഷ് ഡേവിഡിനെ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നാണ് വിവരം.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്‍റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എസ്‌ഐ, ഇന്‍സ്‌പെക്‌ടർ, ഡിവൈഎസ്‌പി റാങ്കിലുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ തലസ്ഥാനത്ത് നടന്നത് അത്ഭുതപ്പെടുത്തുന്ന അക്രമസംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ തിരുവനന്തപുരത്ത് നടന്ന ഗുണ്ടാ ആക്രമണങ്ങള്‍ ഇവയാണ്. തിരുവനന്തപുരം പാറ്റൂരില്‍ ഗുണ്ടാ നേതാവ് ഓംപ്രകാശിന്‍റെ നേതൃത്വത്തിലുളള സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുത്തന്‍പാലം രാജേഷും സംഘവും ആംബുലന്‍സ് ഡ്രൈവര്‍മാരെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തി. ലഹരിക്കച്ചവടത്തിലെ പണമിടപാടിന്‍റെ പേരില്‍ കഞ്ചാവ് കേസില്‍ പ്രതിയായ പുത്തന്‍തോപ്പ് സ്വദേശി നിഖിലിനെ ഗുണ്ടാസംഘം വാള് കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു.
നിഖിലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ഷമീര്‍, ഷഫീഖ് എന്നിവരെ അറസ്‌റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെ ബോംബേറുണ്ടായി. പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ഷഫീഖും കൂട്ടാളി അബിനും ഒളിവില്‍ താമസിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ ഉടമയായ ശ്രീകുമാറിനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലേക്ക് തള്ളിയിട്ടു. ഈ ഗുണ്ടാസംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇവരുടെ പൊലീസ് ബന്ധങ്ങളും പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് നടപടി.