തിരുവനന്തപുരം : ചുരുളി സിനിമയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി പൊലീസ്. സിനിമയുടെ സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമപരമായി തെറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി അനില്‍കാന്ത് നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കി. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങള്‍ ചിത്രത്തിലെ സാഹചര്യത്തിന് ആവശ്യമാണെന്നും എഡിജിപി പത്മകുമാര്‍ നേതൃത്വം നല്‍കിയ സമിതി വിലയിരുത്തി.
സിനിമയില്‍ പറയുന്നത് ചുരുളിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ കഥയാണ്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് സിനിമ പരിശോധിച്ചത്.
തിരുവനന്തപുരം റൂറല്‍ എസ്‌പി ദിവ്യ ഗോപിനാഥ്, എസിപി എ നാസിം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ആദ്യമായാണ് പൊലീസ് ഒരു സിനിമ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കും.
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡിജിപിയെ കക്ഷി ചേര്‍ത്ത കോടതി, സിനിമ കണ്ട് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ഹൈക്കോടതി തുടര്‍ നടപടി സ്വീകരിക്കുക.