തിരുവനന്തപുരം: സിഎജിക്കെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിക്കുന്നു. പൊലീസിനെതിരെ സിഎജി നിയമസഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ട് ഡി.ജി.പിയെ മനഃപൂര്‍വം അവഹേളിക്കുന്നതാണെന്നും പരാമര്‍ശം നീക്കണമെന്നുമാണ് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുക. പൊലീസിന്‍റെ നീക്കത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കി. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ നിയമ സെക്രട്ടറിയുമായി ആശയ വിനിമയം നടത്തും.
വ്യക്തമായ തെളിവില്ലാതിരുന്നിട്ടും സംസ്ഥാന പൊലീസ് മേധാവി പദവിയെ മനഃപൂർവം അവഹേളിക്കാൻ ഉദ്ദേശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്. സിഎജി റിപ്പോർട്ട് മേശപ്പുറത്ത് വെച്ച ദിവസം എ.ജി സുനിൽ രാജ് നടത്തിയ വാര്‍ത്താ സമ്മേളനം പൂർണമായും ലോക്‌നാഥ് ബെഹ്‌റയെ അഴിമതിയുടെ പുകമറക്ക് പിന്നിൽ നിർത്തുന്നതാണെന്നും പൊലീസിന് അഭിപ്രായമുണ്ട്. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കും മുമ്പ് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ചോർത്തി നൽകിയെന്ന പരാതിയും പൊലീസ് കോടതിക്ക് മുന്നിൽ സമര്‍പ്പിക്കും.