തിരുവനന്തപുരം: നെയ്യാറ്റിൻകര എള്ളുവിളയിലെ ക്ഷീര സഹകരണ സംഘത്തിൽ കാലിത്തീറ്റയുമായി വന്ന ലോറിഡ്രൈവറിനും തൊഴിലാളികൾക്കും പൊലീസുകാരുടെ ക്രൂര മർദ്ദനം. ലോറിഡ്രൈവറെ പരസ്യമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകമാണ്. കഴിഞ്ഞ മെയ്19 ന് ആയിരുന്നു സംഭവം. ചേർത്തല പട്ടണക്കാടിൽ നിന്ന് തീറ്റയുമായി വന്ന ലോറി ഡ്രൈവർ ഉൾപ്പടെ ഉള്ളവർക്കാണ് മർദ്ദനമേറ്റത്.
- ക്രൂര മർദനവും പിഴയും
ഗതാഗതം നിയന്ത്രിക്കാൻ നിലമാമൂട് ജംഗ്ഷനിൽ കയറുകൊണ്ട് അടച്ചിരുന്ന റോഡിലൂടെ പ്രവേശിച്ചു എന്നതാണ് പൊലീസുകാരെ പ്രകോപിതരാക്കിയത്. ജിം റൂട്ട് എന്ന ലോറിയുടെ ഡ്രൈവർ അച്ചു എന്ന ഇന്ദു രാജ്, യൂണിയൻ തൊഴിലാളി ഷാജി, സംഘത്തിലെ ജീവനക്കാരനായ മനു എന്നിവരാണ് പൊലീസിന്‍റെ അതിക്രമത്തിന് ഇരകളായത്.
ജീവനക്കാരാണെന്ന രേഖകൾ കാണിച്ചിട്ടും മർദ്ദനം തുടർന്നു. തുടർന്ന് വാഹനങ്ങൾ സ്റ്റേഷനിലേക്ക് എടുത്തശേഷം 4000 രൂപ വീതം പിഴ അടച്ചശേഷമാണ് വാഹനങ്ങളും ആർസി ബുക്കും വിട്ടുനൽകിയത്. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത ഇരുട്ടു മുറികളിൽ വച്ചും ഇവർക്ക് മർദ്ദനങ്ങൾ ഏറ്റിരുന്നതായ് പറയുന്നു.
- വ്യാപക പ്രതിഷേധം
അവശ്യ സാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴായിരുന്നു വെള്ളറട പോലീസിന്‍റെ ഈ നിലപാട് എന്നത് ശ്രദ്ധേയമാണ്. ക്ഷീര സംഘത്തിനെതിരെ കാണിച്ച അതിക്രമത്തിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്.