തിരുവനന്തപുരം: പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ മധ്യസ്ഥതയിലടക്കം പകുതിയിലധികം പോക്‌സോ കേസുകളില്‍ ഒത്തു തീര്‍പ്പെന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റെ മിനിറ്റ്‌സ് ഇ ടി വി ഭാരതിന് ലഭിച്ചു.
പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമാണ് റിപ്പോര്‍ട്ട് നല്‍കിയത്. പല കേസുകളിലും പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍മാര്‍ ഒത്തുതീര്‍പ്പുമായി അതിജീവിതയേയോ ബന്ധുക്കളെയോ സമീപിക്കുന്നതായാണ് കണ്ടെത്തല്‍. സമ്മര്‍ദ്ദം കാരണം പോക്‌സോ കേസുകളില്‍ പകുതിയോളം ഒത്തുതീര്‍പ്പാവുന്നു. പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍മാര്‍ പരാതിക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് പകരം കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന് പ്പോര്‍ട്ടില്‍ പറയുന്നു. പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ അതിജീവിത സമ്മര്‍ദ്ദം നേരിടുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കുടുംബത്തിന്‍ ഉണ്ടായേക്കാവുന്ന നാണക്കേട് ഭയന്ന് അതിജീവിത സംഭവം മറച്ചുവെക്കാനോ ഒത്തുതീര്‍പ്പിനോ തയ്യാറാവുന്നു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ നിരവധിയാണ്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുപ്രധാന കേസ് ഡയറികള്‍ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരും മറ്റുള്ളവ ജില്ലാ പോലീസ് മേധാവികളും നേരിട്ട് പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.
പോക്‌സോ കേസുകളില്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടറെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.