തിരുവനന്തപുരം: പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിക്കാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. പതിനൊന്നും പതിനാലും വയസുള്ള മക്കളെ പ്രതി ചെറുപ്പം മുതൽ പല തവണയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്.
അത്യപൂർവമായ കേസുകളിൽ ഒന്നാണ് ഇതെന്ന് ശിക്ഷ വിധിച്ച ജഡ്‌ജി കെ.പി സുനിൽ വിലയിരുത്തി. ഷൈജുവിൻ്റെ ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ അനാഥാലയത്തിലായിരുന്നു പെൺമക്കൾ താമസിച്ചിരുന്നത്. കുട്ടികൾ അവധിക്ക് വീട്ടിൽ എത്തുമ്പോഴാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.
അനാഥാലയത്തിലെ അധികൃതരോട് കുട്ടികൾ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പാലോട് എസ്എച്ച്ഒ ആയിരുന്ന കെ.ബി മനോജ് കുമാർ, ബി.അനിൽകുമാർ എന്നിവർക്കായിരുന്നു രണ്ട് കേസിന്‍റെയും അന്വേഷണ ചുമതല. പ്രതിയിൽ നിന്ന് പിഴയായി ഈടാക്കുന്ന 65,000 രൂപ രണ്ട് മക്കള്‍ക്കും നൽകാനാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ രണ്ട് കേസുകളിലായി 14 മാസം കൂടി പ്രതി കഠിന തടവ് അനുഭവിക്കേണ്ടിവരും.
കുറിപ്പ്:- പോക്സോ കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന വസ്തുതകള്‍ നല്‍കുന്നത് നിയമ വിരുദ്ധമായതിനാല്‍ പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ നല്‍കാൻ കഴിയില്ല.