തിരുവനന്തപുരം: സുരക്ഷാ കവചമാകേണ്ട നിയമപാലകൻ തന്നെ സുരക്ഷക്ക് ഭീഷണിയായി. എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെ പേരൂര്‍ക്കട പൊലീസ് പോക്സോ ചുമത്തി കേസ് എടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി.
പേരൂര്‍ക്കട പൊലീസ് എസ്.എ.പി ക്യാമ്പിന് സമീപം പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കേസിനാസ്‌പദമായ സംഭവം. അടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സജീവ് കുമാര്‍ പെൺകുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇന്നലെ രാത്രിയോടെ സജീവ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.