തിരുവനന്തപുരം: പ്ലസ് വൺ സ്പോട്ട് അഡ്‌മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ അതാത് സ്‌കൂളിൽ പ്രവേശനം നേടണം. 22067 സീറ്റുകളിലേക്കായി വിവിധ ജില്ലകളിൽ നിന്നും 2401 അപേക്ഷകരാണ് സ്പോട് അഡ്‌മിഷനായി അപേക്ഷിച്ചിട്ടുള്ളത്. പുതിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പട്ടെ വിദ്യാർഥികൾ രക്ഷിതാക്കൾക്ക് ഒപ്പം രേഖകളുമായിട്ടാണ് സ്‌കൂളിൽ എത്തേണ്ടത്. http://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
വിവിധ അലോട്മെന്‍റുകൾ പ്രകാരമുള്ള പ്രവേശനവും സ്‌കൂൾ, കോമ്പിനേഷൻ മാറ്റവും പൂർത്തിയായ സാഹചര്യത്തിലാണ് ബാക്കിയുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തിയത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള ട്രാൻസ്‌ഫർ അലോട്മെന്‍റ് പ്രവേശനത്തിന് ശേഷം ബാക്കി വരുന്ന ഒഴിവുകളിലേക്കാണ് സ്പോട്ട് അഡ്‌മിഷൻ. സ്പോട്ട് അഡ്‌മിഷനോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർണമാകും.
സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിൽ 977 സീറ്റിലേക്കായി 1259 വിദ്യാർഥികളാണ് അപേക്ഷ നൽകിയത്. അതേസമയം രണ്ടായിരത്തിലധികം സീറ്റുകൾ ബാക്കിയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ അപേക്ഷകരുടെ എണ്ണം നൂറിൽ താഴെയാണ്. ഓഗസ്‌റ്റ് 21-നകം പ്രവേശന നടപടികൾ പൂർത്തീകരിക്കും. വൈകി പ്രവേശനം നേടിയവർക്ക് നഷ്‌ടമായ പാഠഭാഗങ്ങൾ വൈകുന്നേരങ്ങളിലും ശനിയാഴ്‌ചകളിലുമായി പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ച് നൽകുന്നതാണെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിട്ടുണ്ട്.
ജില്ല | അപേക്ഷകരുടെ എണ്ണം | സീറ്റുകളുടെ എണ്ണം |
തിരുവനന്തപുരം | 10 | 2215 |
കൊല്ലം | 16 | 2166 |
പത്തനംതിട്ട | 1 | 2279 |
കോട്ടയം | 37 | 1259 |
ആലപ്പുഴ | 37 | 1512 |
എറണാകുളം | 13 | 2703 |
ഇടുക്കി | 18 | 1090 |
പാലക്കാട് | 354 | 986 |
തൃശൂർ | 62 | 2403 |
മലപ്പുറം | 1259 | 977 |
കോഴിക്കോട് | 260 | 919 |
വയനാട് | 42 | 585 |
കണ്ണൂർ | 92 | 1620 |
കാസർകോട് | 226 | 1353 |
ALSO READ: Plus One Additional Batches | പ്ലസ് വൺ സീറ്റ് പ്രതിസന്ധി : 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ: പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 97 ഹയർ സെക്കൻഡറി താത്‌കാലിക അധിക ബാച്ചുകളാണ് സർക്കാർ അനുവദിച്ചിരുന്നത്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ മേഖലയിലെ ജില്ലകളിൽ ആകെ 97 ബാച്ചുകളും ഈ വർഷം നേരത്തെ അനുവദിച്ച 14 ബാച്ചുകളും ചേർത്ത് 111 എണ്ണമാണ് സർക്കാർ മൊത്തത്തിൽ അനുവദിച്ചിട്ടുള്ളത്. 97 ൽ 57 എണ്ണവും സർക്കാർ ബാച്ചുകളായിരുന്നു അനുവദിച്ചത്. പാലക്കാട് (4), കോഴിക്കോട് (11), മലപ്പുറം (53), വയനാട് (4), കണ്ണൂർ (10), കാസർകോട് (15) എന്നിങ്ങനെയാണ് തത്‌കാലിക ബാച്ചുകൾ അനുവദിച്ചിരുന്നത്. 53 അധിക ബാച്ചുകൾ അനുവദിച്ചിട്ടും മലപ്പുറം ജില്ലയിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാണ്.
ഇതുവരെ 4,11,157 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതിൽ അലോട്‌മെന്‍റുകളിലൂടെ 3,84,538 പേർ ഹയർ സെക്കൻഡറിയിലും 26,619 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും പ്രവേശിച്ചു.