തിരുവനന്തപുരം: മുന്നണി മാറ്റത്തിൻ്റെ സാഹചര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ശക്തമാണ്. മുന്നണിമാറ്റം അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് വരുന്ന കാര്യത്തിൽ ലീഗ് നിലപാട് വ്യക്തമാക്കട്ടെയെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി ജയരാജൻ പൊതുവെ പറഞ്ഞതാകാം. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട ചില കാര്യങ്ങളുണ്ട്.
ALSO READ | 'തെറ്റുപറ്റാത്തവരായി ആരുമില്ല'; പി ശശിയുടെ നിയമന തീരുമാനം ഏകകണ്ഠമെന്ന് ഇ.പി ജയരാജൻ
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ ഒന്നിക്കണം. വെട്ടും കുത്തുമുള്ള രാഷ്ട്രീയത്തെ അറപ്പോടെ കാണണം. വിശാല അടിസ്ഥാനത്തിൽ സി.പി.എമ്മിന് കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ടുപോകാൻ കഴിയില്ല. ഭൂരിപക്ഷ വർഗീയത കൂടുതൽ അപകടകരമാണ്.
എന്നുകരുതി ന്യൂനപക്ഷ വർഗീയത ആകാമെന്ന് അർഥമില്ല. മതസൗഹാർദം സ്ഥാപിക്കുന്നതിനും വർഗീയ ചേരിതിരിവ് എതിർത്ത് തോൽപ്പിക്കുന്നതിനും ലീഗ് സംസ്ഥാന വ്യാപക പ്രചരണം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.