പൗരത്വ പ്രതിഷേധങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം; പികെ കൃഷ്ണദാസ് - ബിജെപി
പൗരത്വ വിരുദ്ധ പ്രതിഷേധം നടത്തിയവർക്ക് വിഘടനവാദികൾ പണം നൽകിയതായി വാർത്തകൾ പുറത്തു വരുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കേരളത്തിലെ ബിജെപിയുടെ ആവശ്യമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: കേരളത്തിലെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്നിലുള്ള സാമ്പത്തിക ഉറവിടങ്ങളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് പികെ കൃഷ്ണദാസ്. പൗരത്വ നിയമത്തിനെതിരായ കേരളത്തിലെ ഭരണ - പ്രതിപക്ഷ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കൃഷ്ണദാസിന്‍റെ പ്രതികരണം.
കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും രാജ്യത്തിന്‍റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. അവരെ വിഘടനവാദികൾ സ്വാധീനിക്കുന്നുണ്ടെന്ന് സംശയിക്കുന്നുവെന്നും പികെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ പ്രതിഷേധങ്ങൾക്ക് പിന്നിലുള്ള സാമ്പത്തിക സ്രോതസ് സിബിഐ അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പൗരത്വ വിരുദ്ധ പ്രതിഷേധം നടത്തിയവർക്ക് വിഘടനവാദികൾ പണം നൽകിയതായി വാർത്തകൾ പുറത്തു വരുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കേരളത്തിലെ ബിജെപിയുടെ ആവശ്യമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
കേരള നിയമസഭയിൽ ഗവർണർ പ്രസംഗിക്കുമ്പോൾ കോൺഗ്രസ് പാർട്ടി അതിൽ ഇടപെടുന്നുവെന്നും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ കൂടിയായ കൃഷ്ണദാസ് വിമർശിച്ചു.
" സിപിഎമ്മും കോൺഗ്രസും കേരള ഗവർണറെ വിമർശിക്കുന്നു. ഗവർണർ ഇന്ത്യൻ സർക്കാരിന്‍റെ പ്രതിനിധിയാണ്. ഗവർണറെ അപകീർത്തിപ്പെടുത്തുന്നത് ജനാധിപത്യത്തിന്‍റെ മൂല്യങ്ങളെ നശിപ്പിക്കുന്നതിനു തുല്യമാണ്. ഗവർണറെ പിൻവലിക്കണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഇത്തരം അഭ്യർഥനകൾ അനുചിതമാണ്. പാർലമെന്‍റിൽ പാസാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്” അദ്ദേഹം ആരോപിച്ചു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തുടങ്ങിയ പാർട്ടികളും ഇതിൽ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"എസ്‌ഡിപിഐയും പിഎഫ്‌ഐയും സിപിഎമ്മിനും കോൺഗ്രസിനുമുള്ള ഒരു പൊതുവേദിയായി മാറിയിരിക്കുന്നു. എസ്‌ഡിപിഐ, പിഎഫ്‌ഐ പൗരത്വ വിരുദ്ധ യോഗങ്ങളിൽ ഇരു പാർട്ടികളിലെയും നേതാക്കളെ കാണാം. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുടെ നിലപാട് തുടരുകയാണെങ്കിൽ അതൊരു വലിയ വിപത്താകും. രാജ്യത്തെ മറ്റു ഭാഗങ്ങൾ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കുമ്പോൾ കേരളം മാത്രമാണ് പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസും സി.പി.ഐയും ചേർന്ന് കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും”കൃഷ്ണദാസ് ഡല്‍ഹിയില്‍ പറഞ്ഞു.