തിരുവനന്തപുരം : മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ട അച്ഛനും മകളും ഹൈക്കോടതി നിർദേശിച്ച നഷ്ടപരിഹാരത്തിൻ്റെ ഒരു ഭാഗം സാമൂഹിക സേവനത്തിന് വിനിയോഗിക്കും. ആറ്റിങ്ങൽ സ്വദേശിയായ ജയചന്ദ്രനും എട്ട് വയസുകാരി മകളുമാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിന് നൽകിയിരിക്കുന്ന ഉത്തരവ്. ഈ തുക ലഭിക്കുകയാണെങ്കിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായും നൽകുമെന്ന് ജയചന്ദ്രൻ വ്യക്തമാക്കി. ഒരു ഭാഗം മാത്രം മകളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. എട്ടുവയസുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ലഭിച്ച വിധിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്നും ജയചന്ദ്രൻ ആവശ്യപ്പെടുന്നു.
ALSO READ: സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒന്നിപ്പിക്കാൻ സഹകരണ സര്‍വകലാശാല; സാധ്യത തേടി കേരളം
നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ഉണ്ടായത്. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. എട്ടുവയസുകാരിയെ ഇപ്പോഴും കൗൺസിലിങ്ങിന് വിധേയമാക്കുന്നുണ്ട്. ഐ.എസ്.ആർ.ഒയിലേക്ക് ഉപകരണങ്ങളുമായി പോകുന്ന വാഹനം കാണാൻ പോയപ്പോഴാണ് എട്ട് വയസുകാരിയും പിതാവും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നേരിട്ടത്.