തിരുവനന്തപുരം: അന്താരാഷ്ട്ര ലോബികളുടെ ഇടപെടൽ പോലും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതെന്നും ഇപ്പോൾ എത്തിയ കപ്പലിന് പുറമേ എട്ട് കപ്പലുകൾ കൂടി വരാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തെ ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിന് ശേഷമുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (Pinarayi Vijayan Speech at Vizhinjam Port).
നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് നാം ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊന്നില്ല. ഇതു പോലെയുള്ള എട്ട് കപ്പലുകൾ കൂടി വരും ദിവസങ്ങളിൽ വിഴിഞ്ഞത്തേക്ക് എത്തുമെന്ന് ഇപ്പോൾ തുറമുഖ അധികൃതർ അറിയിച്ചു. എട്ട് മാസം കൊണ്ട് പൂർണമായും തുറമുഖ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നും അവർ അറിയിച്ചു.
എത്ര വലിയ പ്രതിസന്ധിയും നാം അതിജീവിക്കും. ഭാവനകൾക്കപ്പുറമുള്ള വികസനം ഈ തുറമുഖത്തിലൂടെ ഉണ്ടാകും. ഔട്ടർ റിങ് റോഡിനോടൊപ്പം ധാരാളം പുതിയ പദ്ധതികളും വരും. വികസന കുതിപ്പിന് കരുത്തേകുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തിന്‍റെയും കേരളത്തിന്‍റെയും അഭിമാന ദിവസമാണ് ഇന്ന്. അന്താരാഷ്ട്ര ലോബികൾ എതിരായ നീക്കങ്ങൾ നടത്തി എന്നത് വസ്തുതയാണ്. എന്നാൽ ഇതെല്ലാം അതിജീവിച്ചു. കേരളം ഇന്ത്യക്ക് നൽകിയ മഹത്തായ സംഭാവനയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തെ സ്വാഭാവിക ഗുണങ്ങൾ അതിദീർഘ കാലം തിരിച്ചറിയാതെയും ഉപയോഗപ്പെടുത്താതെയും പോയി.
7700 കോടി രൂപ മുതൽമുടക്കുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. 818 കോടി രൂപ കേന്ദ്ര സർക്കാരും 4013 കോടി സംസ്ഥാനവുമാണ് വഹിക്കുന്നത്. വയബിലിറ്റി ക്യാമ്പ് ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഏക തുറമുഖമാണിത്. പ്രധാനപ്പെട്ട തുറമുഖമായി കേന്ദ്ര സർക്കാർ ഇതിനെ പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമയ ബന്ധിതമായി പണി തീർക്കാൻ കഴിഞ്ഞതിൽ കരൺ അദാനിയെ വേദിയിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുറമുഖ നിർമാണത്തിന്‍റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായ പ്രശ്‌നങ്ങൾ വ്യക്തമാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി 100 കോടി രൂപ അനുവദിച്ചു. തുറമുഖാധിഷ്‌ടിത തൊഴിൽ പരിശീലനത്തിന് 50 കോടി രൂപ അനുവദിച്ചു. വ്യവസായം വാണിജ്യം ടൂറിസം മേഖലകളിൽ വിഴിഞ്ഞം തുറമുഖത്തിലൂടെ വികസനം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു.